ശ്രുതി ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു
കല്‍പറ്റ: ശ്രുതി ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ 10 മണിയോടെ വയനാട് കലക്ടറേറ്റില്‍ എത്തിയാണ് ശ്രുതി റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി ചുമതലയേറ്റത്.
ഉറ്റവര്‍ കൂടെയില്ലാത്തതിന്റെ വിഷമത്തിലും മുന്നോട്ട് ജീവിക്കാന്‍ കൈത്താങ്ങായ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ഈ ഘട്ടത്തില്‍ എല്ലാവരോടും നന്ദി പറയുകയാണ്. ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നടക്കാന്‍ പറ്റുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരന്‍ ജെന്‍സണായിരുന്നു പിന്നീടുള്ള കൂട്ട്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തില്‍ ജെന്‍സണെയും ശ്രുതിക്ക് നഷ്ടമായി. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു പ്രതിശ്രുത വരന്റെ അപ്രതീക്ഷിത വിയോഗം.