സിദ്ധാർത്ഥന്റെ മരണം, തെളിവുകൾ നശിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നു ; രമേശ് ചെന്നിത്തല
സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ സിപിഎം ശ്രമിക്കുകയാണ്. ആദ്യം മുതൽ തന്നെ പ്രതികളെ രക്ഷിക്കാൻ വേണ്ടി ശ്രമങ്ങൾ നടന്നു. സിബിഐ അന്വേഷണത്തിന്റെ വിഞ്ജാപനം വന്നതിനു ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാകാതിരുന്നത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ്. മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. മൂന്ന് ഉദ്യോഗസ്ഥർക്ക്മേൽ കുറ്റം ഏൽപിച്ച് രക്ഷപെടാൻ ശ്രമിക്കുകയാണ്. സിദ്ധാർത്ഥന്റെ കുടുംബത്തെ കണ്ടിരുന്നു. അവരുടെ വിഷമതകൾ പങ്കുവെച്ചതാണ്. ആദ്യം മുതൽ തന്നെ കേസ് തേച്ചുമാച്ചുകളയുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമാണ് ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഈ വീഴ്ചയെന്നും രമേശ് ചെന്നിത്തല.
എഫ്ഐആർ ഇട്ടതിനു ശേഷം അത് എങ്ങോട്ടാണ് അയക്കേണ്ടത് എന്ന് അറിയാത്ത ഏത് ഉദ്യോഗസ്ഥനാണ് ഉള്ളത്. അത് കൊച്ചിയിലേക്കാണോ അയക്കേണ്ടത്. സിബിഐയ്ക്ക് എല്ലാ വിവരങ്ങളും സഹിതം അയച്ചു കൊടുക്കേണ്ടതാണ്. അത് ചെയ്യാതെ കൊച്ചിയിലേക്ക് അയച്ചത് ആരാണ്? ബോധപൂർവം അല്ലാതെ എങ്ങനെ സംഭവിക്കാനാണ്. കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാമെന്നും അത് അങ്ങനെ ഒതുക്കി തീർക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.