For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സിദ്ധാര്‍ത്ഥിന്റെ മരണം: ഒരാള്‍ കൂടി കസ്റ്റഡിയില്‍

12:34 PM Feb 29, 2024 IST | Online Desk
സിദ്ധാര്‍ത്ഥിന്റെ മരണം  ഒരാള്‍ കൂടി കസ്റ്റഡിയില്‍
Advertisement

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ക്രൂരമായ റാഗിങിന് പിന്നാലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. അഖില്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ പാലക്കാട് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നാണ് വിവരമെന്നും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ പറഞ്ഞു. ആദ്യം പ്രതി ചേര്‍ത്ത 12പേരില്‍ ഒരാളാണ് അഖില്‍. മറ്റു പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കുന്ന കാര്യം പരിഗണിക്കുമെന്നും വിശദമായ ചോദ്യം ചെയ്യലിനുശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ഡിവൈഎസ്പി പറഞ്ഞു.

Advertisement

ഇതിനിടെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി അച്ഛന്‍ ജയപ്രകാശ് രംഗത്തെത്തി. പ്രധാന പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് ആരോപിച്ചു. പിടികൂടിയ ആറു പേരില്‍ പ്രധാന പ്രതികള്‍ ഇല്ല. കൊളേജില്‍ നിന്നും 12 പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സീനിയേഴ്‌സായ എസ്എഫ്‌ഐക്കാര്‍ ലഹരി ഉപയോഗിക്കുമെന്ന് മകന്‍ പറഞ്ഞിരുന്നു. മരണ ശേഷം മകന്റെ സുഹൃത്തുകളും ഇക്കാര്യം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട 12പേരും എസ്എഫ് ഐക്കാരാണ്. അറസ്റ്റ് ചെയ്ത പ്രതികളില്‍ മുഖ്യപ്രതികളില്ല. മുഖ്യപ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യാത്തത് പാര്‍ട്ടി സമ്മര്‍ദ്ദം കാരണമെന്നും അദ്ദേഹം ആരോപിച്ചു.

മരണവുമായി ബന്ധപ്പെട്ട് നേരത്തെ ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റാണ്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹന്‍ ബിനോയ് ആണ് സിദ്ധാര്‍ത്ഥിനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തില്‍ വ്യക്തമായി. രഹന്‍ സിദ്ധാര്‍ത്ഥിന്റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് നേതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയത്. രഹന്റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികല്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്നലെ രാവിലെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച 8 പേരില്‍ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആള്‍ക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാര്‍ഥിനെ മര്‍ദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികള്‍ക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങള്‍ ചുമത്തിയതായും പൊലീസ് പറഞ്ഞു.

Author Image

Online Desk

View all posts

Advertisement

.