സിദ്ധാര്‍ഥന്റെ മരണം: സസ്പെന്‍ഷനിലായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു
കല്‍പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പട്ട് സസ്പെന്‍ഷനിലായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. മുന്‍ ഡീന്‍ എം.കെ.നാരായണന്‍, മുന്‍ അസി.വാര്‍ഡന്‍ കാന്തനാഥന്‍ എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഇരുവര്‍ക്കും തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റിലാണ് നിയമനം നല്‍കിയത്. ആറുമാസത്തെ സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണണ് നടപടി.
ചൊവ്വാഴ്ച സര്‍വകലാശാലയില്‍ ചേര്‍ന്ന മാനേജ്‌മെന്റ് കൗണ്‍സില്‍ യോഗമാണ് സസ്‌പെന്‍ഷന്‍ നീട്ടേണ്ടെന്നു തീരുമാനിച്ചത്. മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങളായ വൈസ് ചാന്‍സലര്‍ കെ.എസ്. അനില്‍, ടി.സിദ്ദിഖ് എംഎല്‍എ, ഫാക്കല്‍റ്റി ഡീന്‍ കെ.വിജയകുമാര്‍, അധ്യാപക പ്രതിനിധി പി.ടി.ദിനേശ് എന്നിവര്‍ തീരുമാനത്തില്‍ വിയോജിപ്പറിയിച്ചു. അച്ചടക്കനടപടികളിലേക്കു കടക്കണമെന്നാണു നാലുപേരും ശുപാര്‍ശ ചെയ്തത്. എന്നാല്‍ മറ്റ് 12 പേരുടെ പിന്തുണയോടെ സ്ഥലംമാറ്റ തീരുമാനം അംഗീകരിക്കുകയായിരുന്നു.
ഹൈകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ അച്ചടക്കനടപടികള്‍ക്കു മുതിരാതെ ഇരുവരെയും സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. ഭൂരിപക്ഷാഭിപ്രായം മാനിച്ചാണു തീരുമാനമെടുത്തതെന്ന് വൈസ് ചാന്‍സലര്‍ കെ.എസ്.അനില്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി വേണമെന്ന് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടതായാണ് വിവരം. ചാന്‍സലറുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കരുത് എന്നാവശ്യപ്പെട്ട് ഡോ.കാന്തനാഥന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീര്‍പ്പായിട്ടില്ല. ഹൈക്കോടതി നിലപാട് അറിഞ്ഞതിനുശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് മാനേജ്മെന്റ് കൗണ്‍സിലിന്റെ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസില്‍ ഉണ്ടായിരുന്നിട്ടും ഡീന്‍ ആള്‍ക്കൂട്ട വിചാരണ അറിഞ്ഞില്ല, ഹോസ്റ്റല്‍ ചുമതലയുണ്ടായിരുന്ന കാന്തനാഥനും വീഴ്ചയുണ്ടായി എന്ന് കാണിച്ചായിരുന്നു സസ്പെന്‍ഷന്‍. ഇരുവരും ജോലിയില്‍ തുടര്‍ന്നാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഹോസ്റ്റലില്‍ നടന്ന സംഭവം അറിയില്ലെന്ന് പറയുന്നത് ഗുരുതര വീഴ്ചയാണെന്നും വ്യക്തമാക്കിയായിരുന്നു സസ്‌പെഷന്‍. എന്നാല്‍ സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും സിദ്ധാര്‍ഥന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടുവെന്നുമായിരുന്നു ഡീന്‍ നല്‍കിയ വിശദീകരണം.