സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജി വിധിപറയാന്‍ മാറ്റി
കൊച്ചി: യുവനടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ 'അമ്മ' മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജി േൈഹക്കാടതി വിധിപറയാന്‍ മാറ്റി. പരാതിക്കാരി തനിക്കെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരോപണമുന്നയിച്ചപ്പോള്‍ ബലാത്സംഗം സംബന്ധിച്ച ആരോപണമുണ്ടായിരുന്നില്ലെന്നതടക്കം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്.
പീഡനത്തെക്കുറിച്ച് 2019 മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തുന്നുണ്ടെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ സ്പെഷല്‍ ഗവ. പ്ലീഡര്‍ പി. നാരായണന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2014 മുതല്‍ ചാറ്റ് ചെയ്യാറുണ്ട്. സിദ്ദീഖാണ് ആദ്യമായി ചാറ്റ് ചെയ്തത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുംമുമ്പുതന്നെ സംഭവം നടന്ന മുറിയെക്കുറിച്ച് യുവതി വിശദീകരിച്ചിരുന്നു. മുറി അതുതന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മാസ്‌കറ്റ് ഹോട്ടലില്‍ തന്നെ മാനഭംഗപ്പെടുത്തി എന്നടക്കമുള്ള നടിയുടെ ആരോപണങ്ങളെക്കുറിച്ച് സിദ്ദീഖ് പ്രതികരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ ശക്തരായതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് ഇരയായ നടിയും വ്യക്തമാക്കി. എല്ലാ കക്ഷികളുടെയും വാദം പൂര്‍ത്തിയാക്കിയ കോടതി, തുടര്‍ന്ന് ഹര്‍ജി വിധിപറയാന്‍ മാറ്റി.