ആഘോഷങ്ങളില്ലാതെ മണിപ്പൂർ, വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്ക് വിമർശനം
ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങളില്ലാതെ മണിപ്പൂർ. കേന്ദ്രസംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധത്തിൽ കുക്കി വിഭാഗം പൂർണ്ണമായും ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഉള്ളിലെ ഇരുണ്ട നിഴലുകളെ മറികടന്നെങ്കിൽ മാത്രമേ ക്രിസ്മസ് അർത്ഥപൂർണ്ണമാകുകയുള്ളൂവെന്ന് ക്രിസ്മസ് സന്ദേശത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.
അതിനിടെ മണിപ്പൂർ വിഷയം സംസാരിക്കാതെ ഡൽഹിയിൽ പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നിനെതിരേ കടുത്ത വിമർശനമാണ് രാജ്യമാകെ ഉയരുന്നത്. ബിഷപ്പുമാരുടെ നടപടിയിൽ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് കടുത്ത അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത് ബിഷപ്പുമാർക്കെതിരെ വിമർശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി രംഗത്ത്. ചടങ്ങിൽ പങ്കെടുത്ത ബിഷപ്പുമാർ, എം എസ് ഗോൾവൽക്കർ ക്രിസ്ത്യാനികളെക്കുറിച്ച് എഴുതിയത് വായിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ വിരുന്നിൽ മണിപ്പൂർ കലാപമടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ബിഷപ്പുമാർ ചോദിക്കേണ്ടതായയിരുന്നു എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
ക്രിസ്മസ് ദിനത്തിൽ മണിപ്പൂർ മൂകമാണ്. ഇംഫാലിലെ പ്രധാന ദേവാലയമായ താംഖുൽ ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇന്നലെ ആഘോഷങ്ങളൊന്നുമുണ്ടായില്ല. ക്രിസ്മസ് തലേന്നത്തെ ആഘോഷങ്ങൾ ഒഴിവാക്കിയ പള്ളി അധികൃതർ, സമാധാനവും സന്തോഷവും തിരിച്ചുവരാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ നൽകി. കലാപത്തിൽ 180ലേറെ പേർ മരിച്ചെന്നാണ് സർക്കാർ കണക്ക്. ഏഴ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെ ആഘോഷിക്കുമെന്നാണ് കുക്കി വിഭാഗക്കാർ ചോദിക്കുന്നത് . തീവ്രത കുറഞ്ഞും കൂടിയും സംഘർഷം തുടരുന്നു. സമാധാനം പുനസ്ഥാപിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.