എസ്എഫ്‌ഐ കാലം മുതല്‍ താന്‍ ആക്രമണങ്ങള്‍ നേരിടുന്നുണ്ട്; ഇതൊന്നും തനിക്ക് പുതിയതല്ലെന്ന് പി ശശി
തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. ആര്‍ക്കും എന്ത് ആരോപണവും ഉന്നയിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇതൊന്നും തനിക്ക് പുതിയതല്ല. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതല്‍ താന്‍ ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. എന്നിട്ടും താന്‍ ഇതുവരെയെത്തി. അത് മതി. തനിക്ക് ഭയമോ ആശങ്കയോ ഇല്ല. സര്‍വാധികാരി മനോഭാവം തനിക്കില്ലെന്നും അദ്ദേഹം ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശശിക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ പരാതി ഗൗരവത്തോടെ കാണുമെന്നാണ് സിപിഎം നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഈ പരാതികള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കും. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എകെജി സെന്ററിന് മുന്നിലെ ഫ്‌ലാറ്റിലെത്തി നേരിട്ട് കണ്ട് പിവി അന്‍വര്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് ഇന്നലെ നല്‍കിയ അതേ പരാതിയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയതെന്നാണ് പിവി അന്‍വര്‍ പ്രതികരിച്ചത്. എന്നാല്‍ അന്വേഷണം സംബന്ധിച്ച് ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് പിവി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പിവി അന്‍വറിന്റെ പരാതിയിലെ പ്രധാന ആരോപണം. ഈ പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലെ ചര്‍ച്ചകള്‍ക്ക് അനുസരിച്ചായിരിക്കും പരാതിയില്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുക.