തെക്കൻ മണിപ്പൂരിൽ വെടിവയ്പ്പ്, ആറ് പേർക്ക് പരിക്ക്
ഇംഫാൽ: തെക്കൻ മണിപ്പൂരിൽ വെടിവയ്പ്പ്. ആറ് പേർക്ക് പരിക്ക്. അസം റൈഫിൾസിലെ ഒരു ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇയാൾ സ്വയം വെടിവയ്ച്ചതായും മണിപ്പൂർ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെ സജിക് തമ്പാക്ക് പ്രദേശത്താണ് സംഭവം. പരിക്കേറ്റവരിൽ ആരും മണിപ്പൂരിൽ നിന്നുള്ളവരല്ലെന്നാണ് റിപ്പോർട്ട്. ഇവരെ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
എന്നാൽ സംഭവത്തിന് സംസ്ഥാനത്ത് നടക്കുന്ന വംശീയ സംഘർഷവുമായി ബന്ധമില്ലെന്നും ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും മണിപ്പൂർ പോലീസ് പറഞ്ഞു. “മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ കലഹത്തിന്റെ വെളിച്ചത്തിൽ, സാധ്യമായ കിംവദന്തികൾ ഇല്ലാതാക്കാനും ഊഹാപോഹങ്ങൾ ഒഴിവാക്കാനും സംഭവത്തിന്റെ വിശദാംശങ്ങൾ സുതാര്യമായി പങ്കിടേണ്ടത് പ്രധാനമാണ്. പരിക്കേറ്റവരാരും മണിപ്പൂരിൽ നിന്നുള്ളവരല്ല എന്ന വസ്തുത കണക്കിലെടുത്ത് ഈ ദൗർഭാഗ്യകരമായ സംഭവത്തെ നിലവിലുള്ള സംഘർഷവുമായി ബന്ധപ്പെടുത്തരുത്, ”പോലീസ് പറഞ്ഞു.