ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ശ്വാസകോശത്തിനേറ്റ സാരമായ പരിക്ക് മൂലം വെന്റിലേറ്ററിൽ തുടരേണ്ടി വരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
കൊച്ചി: ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഇന്ന് രാവിലെ നടത്തിയ സി ടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്റെ അവസ്ഥ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം വർദ്ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകൾ കൂടിയിട്ടുണ്ട് കൂടാതെ വയറിന്റെ സ്കാനിലും കൂടുതൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് 10.30 ന് ചേർന്ന മെഡിക്കൽ ബോർഡിനു ശേഷം റെനൈ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കൂടാതെ രോഗിയുടെ ബെറ്റൽസ് സ്റ്റേബിൾ ആണെങ്കിൽ കൂടി ശ്വാസകോശത്തിനേറ്റ സാരമായി ചതവ് മൂലം കുറച്ചു ദിവസം കൂടി വെന്റിലേറ്ററിൽ തുടരണം. ശ്വാസകോശത്തിന്റെ ചതവിനായി ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചികിത്സക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
വിശദമായി നടത്തിയ സ്കാനിൽ അൺഡിസ്പ്ലേസ്ഡ് സർവിക്കൽ സ്പൈൻ ഫ്രാക്ച്ചർ ഉണ്ടെങ്കിൽ കൂടി അടിയന്തരമായി ഇടപെടലുകൾ ആവശ്യമില്ലാത്തതും രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിനുശേഷം ആവശ്യമെങ്കിൽ ചികിത്സ നടപടിക്രമങ്ങൾ കൈക്കൊള്ളുന്നതും ആണെന്ന് ബുള്ളറ്റിൽ ആശുപത്രി അധികൃതർ പറയുന്നു.