പാലക്കാട് ബിജെപിയിലെ ചേരിപ്പോര്; നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു
പാലക്കാട്: ബിജെപിയിലെ ചേരിപ്പോരിനെ തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്ന കലഹത്തിനൊടുവിലാണ് പ്രിയ അജയന്‍ രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളലാണ് രാജിയെന്നാണ് വിശദീകരണമെങ്കിലും നേതൃത്വം വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്.
ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും പ്രിയ അജയന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മാറിനില്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. അതേസമയം പ്രിയ അജയന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കാന്‍ സന്നദ്ധത കാണിച്ച് കത്ത് നല്‍കിയെങ്കിലും വിശദമായി പരിശോധിച്ച് അനുമതി നല്‍കുകയായിരുന്നുവെന്നാണ് ബി ജെ പി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് പറയുന്നത്.
പ്രിയ അജയന്റെ പ്രവര്‍ത്തന രീതികളോട് പാര്‍ട്ടിയുടെ ഒരു വിഭാഗം തന്നിഷ്ട പ്രകാരം ആരോപിച്ച് ശക്തമായി രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയിലെ ഈ വിഭാഗം പുറത്ത് മാത്രമല്ല, നഗരസഭക്കകത്തും ചെയര്‍പേഴ്സണോട് നിസ്സഹകരണം കാണിക്കുകയും ചെയ്തു.
കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണന്റെ നിലപാടിനെതിരെ പ്രതിപക്ഷത്തോടൊപ്പം നിലയുറപ്പിച്ചതോടെ പല തീരുമാനങ്ങളും തിരുത്തേണ്ടി വരുകയും ചെയ്ത സാഹചര്യവും സംജാതമായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ നഗരസഭ യോഗം മാസങ്ങളോളം വിളിച്ച് കൂട്ടാതെ ഭരണ പ്രതിസന്ധി സൃഷ്ടിച്ചതിനൊപ്പം ഓണക്കാലത്ത് പത്ത് ദിവസത്തോളം അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വീണ്ടും നഗരസഭ ഭരണം ഏറ്റെടുത്തുവെങ്കിലും ബി ജെ പി കൗണ്‍സിലര്‍മാര്‍ പരസ്യമായ രംഗത്ത് വന്നതോടെയാണ് ഗത്യന്തരമില്ലാതെ രാജിവെച്ചത്.
കഴിഞ്ഞദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്നും
മൂന്ന് ഭരണമിതി അംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു. അഞ്ചും, ഏഴും വാര്‍ഡുകളിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ചെയര്‍പേഴ്സണന്‍ ഏകപക്ഷീയമായ തീരുമാനമെത്തുവെന്നാരോപിച്ചാണ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്മിതേഷ്, പ്രമീള ശശിധരന്‍, എല്‍വി ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഇറങ്ങി പോയത്. പദ്ധതി ഏഴാം വാര്‍്ഡ് കൗണ്‍സിലര്‍ അറിഞ്ഞില്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ചെയര്‍പേഴ്സണ്‍ വഴങ്ങിയില്ല.
എന്നാല്‍ ഈ റോഡുമായി ബന്ധപ്പെട്ട പദ്ധതി മുമ്പ് കൗണ്‍സില്‍ അംഗീകരിച്ചതാണെന്നും റദ്ദാക്കാനാകില്ലെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചതോടെയാണ് ഇറങ്ങിപോക്ക്. സംഭവത്തില്‍ ചെയര്‍പേഴ്സണ്‍ ക്ഷമ ചോദിച്ചെങ്കിലും അംഗങ്ങള്‍ വഴങ്ങാന്‍ തയ്യാറായില്ല. ഈ സംഭവങ്ങളുടെയെല്ലാം തുടര്‍ച്ചയാണ് ഇന്നലത്തെ രാജിയെന്നും അറിയുന്നു.