സ്മാർട്ട് കൃഷിക്ക് വേണം വിരൽത്തുമ്പിൽ വിവരങ്ങൾ : കർഷകർക്കായി ഏകീകൃത വിവരജാലകം
ഡോ.സാബിൻ ജോർജ്
രാജ്യത്തെ കൃഷിയെ സംബന്ധിച്ച ഏകീകൃതവും സമ്പൂർണ്ണവും ആധികാരികവുമായ സ്ഥിതിവിവരകണക്കുകൾ നൽകാൻ www.upag.gov.in എന്ന വെബ് പോർട്ടലിന് തുടക്കമായിരിക്കുന്നു. കേന്ദ്ര കാർഷിക കർഷകക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിലാണ് വെബ് പോർട്ടൽ ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ കാർഷികമേഖലയെ സംബന്ധിച്ച ഡേറ്റ മാനേജ്മെൻ്റ് വിപ്ലവത്തിലേയ്ക്കുള്ള കാൽവെയ്പ്പായിട്ടാണ് സർക്കാർ ഈ വെബ് പോർട്ടലിനെ വിശേഷിപ്പിക്കുന്നത്. കർഷകർക്കും നയരൂപീകരണത്തിൽ പങ്കാളികളായവർക്കും ഏറ്റവും ആധികാരികവും കൃത്യവുമായ കണക്കുകൾ ആവശ്യക്കാർക്ക് നൽകാൻ ഈ പോർട്ടലിന് കഴിയും. കാലത്തിനും സമയത്തിനും ചേരുന്ന കാർഷിക നയരൂപീകരണത്തിനും ഭരണനിർവഹണത്തിനും ഡാറ്റ മാനേജ്മെൻ്റ് കൃത്യമാർന്നതും മെച്ചപ്പെട്ടതുമാകണമെന്ന തിരിച്ചറിവാണ് വിവരങ്ങളുടെ ഈ ഏകീകൃതവാതിൽ തുറക്കാൻ പ്രേരണയായതെന്ന് കരുതാം. കാർഷിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് പ്രത്യേകിച്ച് നയരൂപീകരണം, വിപണനം തുടങ്ങിയ വിഷയങ്ങളിൽ താത്പര്യമുള്ളവർക്ക് ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിലൊന്ന് കൃത്യസമയത്തു ലഭിക്കുന്നതും ആധികാരികവുമായ സ്ഥിതിവിവരങ്ങളാണ്. കൃത്യമായ ഡേറ്റയാണ് വർത്തമാനകാലത്ത് സർവമേഖലകളിലും ഉപയോഗിക്കപ്പെടുന്ന അമൂല്യമൂലധനത്തിലൊന്ന്. കാർഷികമേഖലയിൽ ഉചിതവും ഫലപ്രദവുമായ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്ഥിതി വിവരക്കണക്കുകൾ സുപ്രധാനമാകുന്നു. ഡേറ്റ എത്രമാത്രം കൃത്യമാകുന്നുവോ നയതീരുമാനങ്ങളും അത്രമാത്രം സുസ്ഥിരവും സുതാര്യവും കാര്യമാത്ര പ്രസക്തവുമായിരിക്കും. ഡേറ്റയിൽ നിക്ഷേപിക്കുന്ന ഒരു ഡോളർ, 32 ഡോളറിൻ്റെ ഫലമുണ്ടാക്കുമെന്നാണ് ഗവേഷണഫലങ്ങൾ പറയുന്നത്.
കാർഷിക വിലനിലവാരം, ഉത്പാദനം, ഭൂവിസ്തൃതി, ഉത്പാദനക്ഷമത, വ്യാപാരം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ സ്റ്റാൻ്റേർഡ് രൂപത്തിലാക്കി ഒരു സ്ഥലത്ത് ലഭിക്കുന്ന വിധമാണ് പോർട്ടലിൻ്റെ രൂപകൽപന. അതിനാൽ വിവരങ്ങൾ തേടി പലയിടങ്ങളിൽ അലഞ്ഞ് ധനസമയ നഷ്ടങ്ങൾ ഉണ്ടാകേണ്ടതില്ല. ഏറ്റവും പുത്തൻ വിശകലന സങ്കേതങ്ങൾ ഉപയോഗിച്ച് ഡേറ്റ വിശകലനം ചെയ്താവും വിവരങ്ങൾ ലഭ്യമാക്കുക. ഉത്പാദനത്തിലുള്ള പ്രവണതകൾ, വ്യാപാരത്തിലെ പരസ്പരബന്ധങ്ങൾ ,ഉപഭോഗമാതൃകകൾ എന്നിവയേക്കുറിച്ചുള്ള ഉൾക്കാഴ്ച ലഭിക്കുന്നതിനാൽ ഏറ്റവും മികച്ച നയതീരുമാനങ്ങൾ എടുക്കാൻ സാധിക്കും. കാർഷിക രംഗത്തെ പ്രതിസന്ധി ഘട്ടങ്ങളിൽ ദ്രുതവേഗത്തിൽ പ്രതികരിക്കാനും ഇത്തരം വിവരലഭ്യത സർക്കാരുകളെ സഹായിക്കുന്നു. അൽഗോരിതങ്ങളുടെ സഹായത്താൽ ഓരോ ചരക്കിൻ്റെയും കമ്പോളനിലവാര റിപ്പോർട്ടുകൾ കുറഞ്ഞ ഇടവേളകളിൽ തയ്യാറാക്കി നൽകാൻ പോർട്ടലിന് കഴിയും. ഉപയോക്താക്കൾക്ക് പോർട്ടലിലെ വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം തീരുമാനങ്ങളിലെത്താനും റിപ്പോർട്ടുകൾ തയ്യാറാക്കാനും കഴിയുന്ന വിധത്തിലാണ് പോർട്ടലിൻ്റെ രൂപഘടന.