എസ്.പി ഓഫിസിലെ മരം മുറിച്ചു കടത്തല്‍ : എസ്.പി സുജിത് ദാസിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം
തിരുവനന്തപുരം: മലപ്പുറം എസ്.പി ഓഫിസിലെ മരം മുറിച്ചു കടത്തിയെന്ന പരാതിയില്‍ എസ്.പി സുജിത് ദാസിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റഗേഷന്‍ യൂനിറ്റ് 1 ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
അതേസമയം, അഴിമതി ആരോപണത്തില്‍ സുജിത് ദാസിനെതിരെ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പരാതിക്കാരനും നിലമ്പൂര്‍ നഗരസഭ കൗണ്‍സിലറുമായ ഇസ്മായില്‍ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത് മുതല്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ അനധികൃത കെട്ടിട നിര്‍മാണം വരെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇസ്മായില്‍ പരാതി നല്‍കിയത്.
കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ കെട്ടിടം നിര്‍മിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് വിജിലന്‍സ് ഡയക്ടര്‍ക്ക് നല്‍കിയ പരാതി. സുജിത് ദാസ് എസ്.പിയായിരിക്കെ എസ്.പിയുടെ ക്യാമ്പ് ഓഫിസില്‍ ക്രിക്കറ്റ് നെറ്റ് നിര്‍മിച്ചു, സുജിത് ദാസിന്റെ വീട്ടുകാര്‍ സര്‍ക്കാര്‍ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് നിരന്തരം ഉപയോഗിച്ചു, സുജിത് ദാസിന്റെ ഭാര്യ പ്രസവം കഴിഞ്ഞ് പോകുമ്പോള്‍ തേഞ്ഞിപ്പലം മുതല്‍ വളാഞ്ചേരി വരെ ഗതാഗത നിയന്ത്രണത്തിന് പൊലീസുകാരെ ചുമതലപ്പെടുത്തി, സുജിത് ദാസ് എം.എസ്.പി കമാന്‍ഡന്റായ കാലത്ത് പണം വാങ്ങി എം.എസ്.പി സ്‌കൂളില്‍ നിയമനം നടത്തി എന്നിങ്ങനെ ആരോപണങ്ങളും പരാതിയില്‍ ഉണ്ടായിരുന്നു.
എന്നാല്‍, ഗുരുതര പരാതികളില്‍ എസ്.പിക്കെതിരെ അന്വേഷണം നടത്തിയത് ഡിവൈ.എസ്.പിയാണെന്നും ഇത് സുജിത് ദാസിനെ രക്ഷപ്പെടുത്താനാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. പരാതികള്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഇസ്മായില്‍ ആവശ്യപ്പെടുന്നു.