ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപം പാമ്പ്; പിടികൂടി വനം വകുപ്പ്
ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം പാമ്പിനെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ. പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിനു സമീപത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ദർശനത്തിനെത്തിയ ഭക്തരടക്കം പരിഭ്രാന്തിയിലായി.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. പാമ്പിനെ കണ്ട ഉടൻതന്നെ ഈ ഭാഗത്ത് കൂടി തീർത്ഥാടകർ അടിപ്പാതയിലേക്ക് കടക്കുന്നത് തടഞ്ഞു. സംഭവം അറിഞ്ഞ് ഉടൻ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പിടികൂടാൻ ഉള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയിൽ നിന്നും പടിക്കട്ടിലേക്ക് ചാടി. തുടർന്ന് ഇവിടെ നിന്നും പാമ്പിനെ പിടികൂടി. അതേസമയം , വിഷമില്ലാത്ത ഇനത്തിൽപ്പെട്ട കാട്ടുപാമ്പാണിതെന്ന് പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സന്നിധാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.