പ്രസവാവധി ഇന്‍ഷുറന്‍സ് ജൂലൈ 19 മുതല്‍ നടപ്പിലാക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട്
മസ്‌കറ്റ്: ഒമാനില്‍ ജോലിചെയ്യുന്ന പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമുള്ള പ്രസവാവധി ഇന്‍ഷുറന്‍സ് ജൂലൈ 19 മുതല്‍ നടപ്പിലാക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് (എസ്.പി.എഫ്.) ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.
ഇത് സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാര്‍ക്കും ബാധകമാണ്. കൂടാതെ താത്കാലിക കരാറുകള്‍, പരിശീലന കരാറുകള്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുള്ള കരാറുകളും ഇതിലുള്‍പ്പെടുന്നു. രാജ്യത്ത് ജോലിചെയ്യുന്ന ഒമാനിപൗരന്മാരെ കൂടാതെ പ്രവാസികളായ ഇതര തൊഴിലാളികള്‍ക്കും ഈ വിഭാഗത്തിലെ വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിച്ച് ആനുകൂല്യം നേടാവുന്നതാണ്.
ഇത് സംബന്ധിച്ച് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനം (നമ്പര്‍ ഞ/10/2024 ) പുറത്തിറക്കിയരുന്നു. ജൂണ്‍ 30ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിലാണ് ഒമാനിയല്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രസവാവധി അലവന്‍സിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
കമേഴ്‌സ്യല്‍ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പരിരക്ഷ ലഭിക്കും. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, കര്‍ഷകത്തൊഴിലാളികള്‍, സമാനമായ വിഭാഗങ്ങളെന്നിവര്‍ക്ക് ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ടാവില്ല. സ്വയംതൊഴില്‍ ചെയ്യുന്ന ഒമാനികള്‍, ജി.സി.സിയില്‍ ജോലിചെയ്യുന്ന പാര്‍ട്ട് ടൈം ഒമാനികള്‍, വിദേശത്തു ജോലിചെയ്യുന്ന ഒമാനികള്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ലെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ടിലെ ബെനഫിറ്റ് ഡയറക്ടര്‍ ജനറല്‍ മാലിക് അല്‍ ഹരിതി വ്യക്തമാക്കി.
തൊഴിലാളികളുടെ ഒരുമാസത്തെ പ്രസവാവധി ഇന്‍ഷുറന്‍സിന്റെ ഒരു ശതമാനം വിഹിതം നല്‍കാന്‍ ഉടമസ്ഥ ബാധ്യസ്ഥനാണ്. പ്രസവത്തിനു മുമ്പുള്ള 14 ദിവത്തേയും പ്രസവനാന്തരമുള്ള 98 ദിവസത്തേയും മുഴുവന്‍ ശമ്പളമാണ് പരിരക്ഷയായി നല്‍കുക. പ്രസവ സമയത്ത് ഭാര്യ മരിക്കുകയാണങ്കില്‍ കുട്ടിയുടെ സംരക്ഷണത്തിനായി ഈ ആനുകൂല്യം ഭര്‍ത്താവിന് ലഭിക്കും.