For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കരുത്തുറ്റ പ്രകടനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്; 325 കോടി രൂപ അറ്റാദായം

05:37 PM Oct 16, 2024 IST | Online Desk
കരുത്തുറ്റ പ്രകടനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്  325 കോടി രൂപ അറ്റാദായം
Advertisement

കൊച്ചി: നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 325 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 275 കോടി രൂപയായിരുന്നു അറ്റാദായം. 18.15 ശതമാനമാണ് വാർഷിക വളർച്ച. രണ്ടാം പാദത്തിലെ പ്രവർത്തന ലാഭം 19.51 ശതമാനം വർധനയോടെ 550 കോടി രൂപയിലെത്തി. മുൻവർഷം ഇത് 460 കോടി രൂപയായിരുന്നു.നിഷ്ക്രിയ ആസ്തികൾ കുറയ്ക്കാനും ബാങ്കിനു കഴിഞ്ഞു. മൊത്ത നിഷ്ക്രിയ ആസ്തി 4.96 ശതമാനത്തിൽ നിന്ന് 56 പോയിന്റുകൾ കുറച്ച് 4.40 ശതമാനത്തിലും, അറ്റ നിഷ്ക്രിയ ആസ്തി 39 പോയിന്റുകൾ കുറച്ച് 1.70 ശതമാനത്തിൽ നിന്ന് 1.31 ശതമാനത്തിലുമെത്തിച്ച് നില മെച്ചപ്പെടുത്തുകയും ചെയ്തു. അറ്റപലിശ വരുമാനം 6.22 ശതമാനം വർധനവോടെ 882 കോടി രൂപയായി ഉയർന്നു. പലിശ ഇതര വരുമാനം 26.34 ശതമാനം വളർച്ചയോടെ 356 കോടി രൂപയിൽനിന്ന് 449 കോടി രൂപയിലെത്തി.

Advertisement

ആസ്തികളിൽ നിന്നുള്ള വരുമാനം 10 പോയിന്റുകൾ ഉയർന്ന് 1.07 ശതമാനമായി വർധിച്ചു. എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 290 പോയിന്റുകൾ വർധിച്ച് 80.72 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 447 പോയിന്റുകൾ വർധിച്ച് 71.24 ശതമാനവുമായി.റീട്ടെയിൽ നിക്ഷേപങ്ങൾ 93,448 കോടി രൂപയിൽ നിന്ന് 8.78 ശതമാനം വര്‍ധിച്ച് 1,01,652 കോടി രൂപയിലെത്തി. എൻ ആർ ഐ നിക്ഷേപം 28,785 കോടി രൂപയിൽ നിന്ന് 5.92 ശതമാനം വർധനയോടെ 30,488 കോടി രൂപയിലെത്തി. 1,703 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കാസ അനുപാതത്തിൽ 7.81 ശതമാനമാണ് വളർച്ച. സേവിങ്സ് അക്കൗണ്ടുകൾ 4.44 ശതമാനവും കറന്റ് അക്കൗണ്ടുകൾ 25.02 ശതമാനവും വളർന്നു.

വായ്പാ വിതരണത്തില്‍ 13.03 ശതമാനം വാർഷിക വളര്‍ച്ച കൈവരിച്ചു. 9,767 കോടി രൂപയുടെ വർധനയോടെ 84,714 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. കോർപറേറ്റ് വിഭാഗത്തിൽ മൊത്ത വായ്‌പ വിതരണം 6,470 കോടി രൂപ വർധനവോടെ 33,961 കോടി രൂപയിലുമെത്തി. 23.5 ശതമാനമാണ് വളർച്ച. ഇവയിൽ 99.6 ശതമാനവും ഉയർന്ന റേറ്റിങ്ങുള്ള കോർപറേറ്റ് അക്കൗണ്ടുകളാണ്. വ്യക്തിഗത വായ്പകൾ 9.02 ശതമാനം വർധിച്ച് 2,107 കോടി രൂപയിൽ നിന്നും 2,297 കോടി രൂപയിലെത്തി.സ്വർണ വായ്പകളിൽ 10.74 ശതമാനമാണ് വാർഷിക വർധന. ഇത് 14,998 കോടി രൂപയിൽ നിന്നും 16,609 കോടി രൂപയായി ഉയർന്നു. ഭവന വായ്പകളിൽ 41.94 ശതമാനം വളർച്ചയോടെ 7,072 കോടി രൂപയിലെത്തി. ഇക്കാലയളവിൽ 2,090 കോടി രൂപയുടെ അധിക വായ്പകളാണ് അനുവദിച്ചത്.

വാഹന വായ്പകളിൽ 18.11 ശതമാനം വാർഷിക വളർച്ചയോടെ 1,828 കോടി രൂപയിലെത്തി. മുൻവർഷം ഇതേപാദത്തിൽ 1,548 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്ബാ ങ്ക് നടപ്പിലാക്കിവരുന്ന തന്ത്രങ്ങൾ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കുന്നുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു. കോർപറേറ്റ്, ഭവന വായ്‌പ, വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വർണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രതീക്ഷിച്ച വളർച്ച നേടാൻ ബാങ്കിനു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഗുണപരമായ വായ്പകൾ അനുവദിക്കുന്നതിലൂടെ ബാങ്കിന്റെ ലാഭ വളർച്ചയിൽ കാര്യമായ പുരോഗതി കൈവരിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം മുൻ വർഷത്തെ 16.69 ശതമാനത്തിൽ നിന്ന് 18.04 ശതമാനമായി മെച്ചപ്പെട്ടു. ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിൽ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബിഒഎസ്എലിന്റെ സാമ്പത്തിക ഫലങ്ങളും ഉൾപ്പെടും.

Tags :
Author Image

Online Desk

View all posts

Advertisement

.