എസ് പി സുജിത് ദാസ് ബലാത്സംഗത്തിനിരയാക്കി; ഗുരുതര ആരോപണവുമായി വീട്ടമ്മ
മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെതിരേ ബലാത്സംഗ ആരോപണവുമായി വീട്ടമ്മ. പരാതിയുമായി എസ്പി ഓഫീസിലെത്തി സുജിത് ദാസ് ബലാത്സംഗത്തിനിരയാക്കിയെന്ന് ഇവര്‍ ആരോപിച്ചു. കുടുംബപ്രശ്നത്തെപ്പറ്റിയുള്ള പരാതിയുമായി സമീപിച്ചപ്പോള്‍ രണ്ട് തണ ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. മാത്രമല്ല രണ്ടാമത്തെ തവണ അതിക്രമം ഉണ്ടായപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നുവെന്നും പറയുന്നു. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് സുജിത് ദാസ് പറഞ്ഞെന്നും വീട്ടമ്മ ആരോപിച്ചു.
എസ്പിക്കെതിരേയുള്ള പി.വി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യം പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും പരാതിക്കാരി പറഞ്ഞു. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് സുജിത് ദാസ് രംഗത്തെത്തി. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമാണ് സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ടെന്നും സുജിത് ദാസ് അവകാശപ്പെട്ടു. പരാതിക്കാരി നിരന്തരമായി പോലീസിനെതിരേ കേസ് കൊടുക്കുന്നയാളാണ്. തനിക്കെതിരേയുള്ള ആരോപണത്തില്‍ ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സുജിത് ദാസ് പ്രതികരിച്ചു.