Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എപിപിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ്

12:13 PM Jan 24, 2024 IST | Veekshanam
Advertisement

പാലക്കാട്‌: മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെ കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സംഭവം സർക്കാർ അതീവ ഗൗരവത്തോടെ കാണണമെന്ന് സതീശൻ അഭ്യർഥിച്ചു.
ആത്മഹത്യയ്ക്ക് മുൻപ് അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങളിൽ ജോലിയിൽ നേരിട്ടിരുന്ന സമ്മർദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവധിയെടുത്ത് കേസുകളിൽ നിന്നും വിട്ടു നിൽക്കാൻ സഹപ്രവർത്തകർ നിർബന്ധിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി എന്തും ചെയ്യാൻ തയാറുള്ള ഒരു സംഘം പ്രോസിക്യൂഷൻ രംഗത്ത് ഉണ്ടെന്ന് അടിവരയിടുന്നതാണ് അനീഷ്യയുടെ വെളിപ്പെടുത്തലുകളിൽ പലതും. അനീഷ്യയോട് അവധിയിൽ പോകാൻ നിർദ്ദേശിച്ചതും കേസുകൾ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

Advertisement

ഈ നാട്ടിലെ ജനങ്ങൾ നീതി തേടി എത്തുന്ന ഭരണഘടനാപരമായ സംവിധാനമാണ് കോടതികൾ. എന്നാൽ നീതിക്കും ന്യായത്തിനും ഒരു പ്രസക്തയും ഇല്ലാത്ത തരത്തിൽ നീതിന്യായ സംവിധാനത്തിന്റെയും കോടതികളുടെയും സത്യസന്ധമായ പ്രവർത്തനം രാഷ്ട്രീയ പിൻബലത്തിന്റെയും അധികാര പിന്തുണയുടെയും ഹുങ്കിൽ ചിലർ അട്ടിമറിക്കുന്നെന്ന തുറന്നു പറച്ചിലാണ് അനീഷ്യയുടെ ശബ്ദരേഖയിലുള്ളത്.

ഞങ്ങളുടെ പാർട്ടിയാണ് ഭരിക്കുന്നതെന്നും സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാൻ സമ്മതിക്കില്ലെന്നും ഭീഷണി ഉണ്ടായെന്ന് അനീഷ്യ ഡയറിയിൽ എഴുതിയിരുന്നത് സംബന്ധിച്ച വാർത്തകളും പുറത്ത് വന്നിട്ടുണ്ട്. പിൻവാതിൽ നിയമനങ്ങളും സർവകലാശാലകളിലെയും പി.എസ്.സിയിലെയും പരീക്ഷാ തട്ടിപ്പുകൾക്കും പിന്നാലെ ജുഡീഷ്യറിയെ അട്ടിമറിക്കുന്ന സംഘങ്ങൾ സംസ്ഥാനത്തെ കോടതികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതും ദുർബലപ്പെടുത്തുന്നതും സംസ്ഥാനത്തിനാകെ നാണക്കേടുമാണെന്നത് ഞാൻ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

നിയമത്തിന്റെ പിൻബലത്തിൽ നീതിയും ന്യായവും മാത്രം പരിഗണിച്ച് സത്യസന്ധതയോടെ ജോലി ചെയ്യാൻ പ്രോസിക്യൂട്ടർമാർക്ക് സാധിക്കുന്നില്ലെന്ന സ്ഥിതി സാധാരണക്കാരുടെ നീതി നിഷേധിക്കൽ കൂടിയാണെന്ന് ഓർക്കണം. സത്യസന്ധരായ പ്രോസിക്യൂട്ടർമാർക്ക് തല ഉയർത്തി നിർഭയരായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് സ്വന്തം മരണത്തിലൂടെ അനീഷ്യ മുന്നോട്ടുവയ്ക്കുന്നത്.

ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതും അനീഷ്യയുടെ സുഹൃത്തുക്കൾ പൊലീസിന് രഹസ്യമായി കൈമാറിയതുമായ ശബ്ദസന്ദേശങ്ങൾ ഗൗരവത്തിലെടുത്ത് തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ പ്രതി സ്ഥാനത്ത് നിൽക്കുന്നവരെ അടിയന്തിരമായി ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Advertisement
Next Article