സ്പോർട്‌സ് കൗൺസിൽ ഗ്രൗണ്ട് നവീകരണത്തിൽ പി. ശശിയും മകനും ക്രമക്കേട് നടത്തി; അഴിമതിയാരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ അഴിമതിയാരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കൊച്ചിയിലെ സ്പോർട്‌സ് കൗൺസിലിൻ്റെ ഫുട്ബോൾ ഗ്രൗണ്ട് നവീകരണത്തിലാണ് ക്രമക്കേട് നടന്നത്. 2023 മെയിലായിരുന്നു ഗ്രൗണ്ട് നവീകരണത്തിനായി ഇ-ടെൻഡർ ക്ഷണിച്ചത്. എന്നാൽ ഇ- ടെൻഡർ നടക്കുമ്പോൾ മറുവശത്ത് വേറെ കരാർ ഉണ്ടാക്കുകയായിരുന്നു. സ്പോർട്‌സ് കൗൺസിലും സ്വകാര്യ കമ്പനിയും തമ്മിൽ കരാറിൽ ഏർപെട്ടു.ഈ സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി.ശശിയും മകനുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഇവർ അഭിഭാഷകരായ മാഗ്‌നം സ്പോർട്‌സ് എന്ന കമ്പനിക്കാണ് കരാർ നൽകിയതെന്നും രാഹുൽ ആരോപിക്കുന്നു. പി. ശശി നടത്തുന്ന കൊള്ളയുടെ ഒരു ഉദാഹരണം മാത്രമാണിതെന്നും ബാക്കി പിന്നാലെ വരുമെന്നും ഈ ക്രമക്കേടിൽ പരാതി കൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മുൻ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെതിരെയും രാഹുൽ ശക്തമായ വിമർശനം ഉന്നയിച്ചു. സുജിത്ത് ദാസ് സ്വർണ്ണം പൊട്ടിക്കൽ സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ്. താനൂർ കസ്റ്റഡി മരണം ആസൂത്രിതമാണ്. സ്വർണ്ണം പൊട്ടിക്കൽ സംഘത്തിന് വേണ്ടി നടത്തിയ കൊലപാതകമാണത്. കസ്റ്റംസ് ഉദ്യോഗസ്ഥൻ ആയിരുന്ന കാലത്ത് മോശം ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥനാണ് സുജിത്ത് ദാസ്. ഇയാളുടെ സാമ്പത്തിക പശ്ചാത്തലവും പരിശോധിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.അതേസമയം സിപിഎം എംഎൽഎയെ ക്കാൾ പവർഫുൾ ആണ് എഡിജിപി അജിത് കുമാർ എന്നും രാഹുൽ പരിഹസിച്ചു. അതുകൊണ്ടാണ് അൻവർ വായമൂടിയത്. അജിത്ത് കുമാർ മുൻപ് ഇടപെട്ടത് സ്വർണ്ണകടത്ത് കേസിൽ ആണ്. മുഖ്യമന്ത്രിക്ക് അജിത് കുമാറിനെ ഭയമാണ്. മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് ഒഴിയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.