ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണം: കെ.സുധാകരന്‍ എംപി
തിരുവനന്തപുരം: ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. സ്പോട്ട് ബുക്കിംഗിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യ പിടിവാശി ഉപേക്ഷിക്കണം. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ നിരവധി ഭക്തരാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ദൂരദേശങ്ങളില്‍ നിന്നെത്തുന്നത്. ദര്‍ശനം കിട്ടാതെ ഭക്തര്‍ മടങ്ങിപ്പോകുന്ന സാഹചര്യം സൃഷ്ടിക്കരുത്.
ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ലഭ്യമാക്കുന്നതിനായി ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത് വലിയ സൗകര്യമായിരുന്നു. എന്നാല്‍ ഈ സൗകര്യം ഒഴിവാക്കുന്നത് വലിയ പ്രയാസം ഭക്തര്‍ക്ക് സൃഷ്ടിക്കും. അതിനാല്‍ സ്പോട്ട് ബുക്കിംഗ് സംവിധാനം തുടര്‍ന്ന് ഏര്‍പ്പെടുത്തണമെന്നും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഭക്തരെ ബുദ്ധിമുട്ടിക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാരും ദേവസ്വം വകുപ്പും പിന്തിരിയണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.