സ്പോട്ട് ബുക്കിങ്: ശബരിമല സമര കേന്ദ്രമായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്
പത്തനംതിട്ട: സ്പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘർഷ ഭൂമിയായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.സ്ത്രീ പ്രവേശന വിധിയെ തുടർന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജൻസ് റിപ്പോർട്ട് നല്‍കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടർന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാർ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെ പ്രദേശങ്ങള്‍ പ്രതിഷേധത്തിന്റെ വേദിയായിരുന്നു.
സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെർച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാർ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോർട്ട്. ഓണ്‍ലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബി ജെ പി ഉള്‍പ്പെടെയുള്ളവർ ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്.
മണ്ഡലകാലം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും.പ്രതിസന്ധി ഒഴിവാക്കാൻ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കിട്ടിയതിന് പിന്നാലെയാണ് സി പി എമ്മും വിഷയത്തില്‍ കടുംപിടിത്തത്തിനില്ലെന്ന് വ്യക്തമാക്കിയത്.
സ്പോട് ബുക്കിങ് തീരുമാനം ഇരുമ്പുലക്കയൊന്നുമല്ലല്ലോ എന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വിഷയത്തില്‍ എടുത്ത നിലപാട്. അതായത് സ്പോട്ട് ബുക്കിങ്ങോ അല്ലെങ്കില്‍ പകരം സംവിധാനമോ വേണമെന്ന കാര്യത്തില്‍ ബോർഡിനും അഭിപ്രായമുണ്ടെന്ന് സാരം.
ഈ സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കണമെന്ന ബോർഡിന്റെ ആവശ്യത്തോട് ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ സർക്കാർ മുഖം തിരിച്ചേക്കില്ല.