കേരളവർമ്മയിൽ ശ്രീക്കുട്ടന് വൻ സ്വീകരണം
തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജ് തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ റീ കൗണ്ടിങ്ങില്‍ എസ്എഫ്ഐയുടെ നേതൃത്വത്തിൽ അട്ടിമറി നടത്തി പരാജയപ്പെടുത്തിയ കെഎസ്‌യു നേതാവ് ശ്രീക്കുട്ടന് വന്‍ സ്വീകരണം ഒരുക്കി കോളേജിലെ സഹപാഠികളും കെഎസ്‌യു പ്രവർത്തകരും. മുദ്രാവാക്യം മുഴക്കി, തോളിലേറ്റിയാണ് ശ്രീക്കുട്ടനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രിൻസിപ്പലിന് നിവേദനം നൽകുമെന്നും അറിയിച്ചു.വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്‍യു.
എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നാലെ ആദ്യം അസാധുവെന്ന് കണ്ടെത്തിയ വോട്ടുകൾ പിന്നീട് എസ് എഫ് ഐക്ക് അനുകൂലമായി എണ്ണി. എസ്എഫ്ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ്‍യു പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന അധ്യാപകർക്കെതിരെ കോളേജിൽ നൂറുകണക്കിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും നടത്തി.