വാഹന ഇറക്കുമതി നിരോധനം പിൻവലിച്ച് ശ്രീലങ്ക
2020-ല്‍ ശ്രീലങ്ക ഏര്‍പ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് പ്രതിസന്ധി മൂലം വിദേശനാണ്യ ശേഖരത്തിലെ പ്രതിസന്ധി കുറയ്ക്കുന്നതിനുവേണ്ടിയായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപന പ്രകാരം പൊതുഗതാഗത വാഹനങ്ങളുടെ ഇറക്കുമതി അനുവദിച്ചു. 2025 ഫെബ്രുവരി മുതല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ ഇറക്കുമതിക്കാരും അവരുടെ ഇറക്കുമതി മൂന്ന് മാസത്തിനുള്ളില്‍ വില്‍ക്കണം, ഇല്ലെങ്കില്‍ മൂന്ന് ശതമാനം ഫീസ് ഈടാക്കും. കൂടുതലായുള്ള വാഹനങ്ങളുടെ ഇറക്കുമതി നിജപ്പെടുത്തും. ഇറക്കുമതിക്കാര്‍ മോട്ടോര്‍ വാഹനങ്ങളുടെ അനാവശ്യ സ്റ്റോക്ക് സൂക്ഷിക്കുകയുമരുത്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.