സംസ്ഥാന ദുഃഖാചരണ ദിവസത്തെ ചെയര്‍പേഴ്‌സന്റെ കേക്ക് മുറി: താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു
പന്തളം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുഃഖാചരണ ദിവസം പന്തളം നഗരസഭ ചെയര്‍പേഴ്‌സന്‍ സുശീല സന്തോഷ് കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ച സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു.
പന്തളം അറത്തില്‍ മുക്കിലെ വെല്‍നെസ്സ് സെന്ററിലെ അംഗപരിമിതനായ താല്‍ക്കാലിക ജീവനക്കാരന്‍ അനന്തുവിനെയാണ് നഗരസഭ കൗണ്‍സില്‍ യോഗം കൂടി ചെയര്‍പേഴ്‌സന്‍ പിരിച്ചുവിട്ടത്. വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഈ ദിവസം ചെയര്‍പേഴ്‌സന്‍ സുശീല സന്തോഷ്, നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍ ബെന്നി മാത്യു, ആശുപത്രിയിലെ ചുരുക്കം ജീവനക്കാര്‍ ഉള്‍പ്പെടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള, പന്തളം, അറത്തില്‍ മുക്ക്, വെല്‍നെസ് സെന്ററിന്റെ ഒന്നാം വാര്‍ഷികമാണ് ആഘോഷമായി സംഘടിപ്പിച്ചത്.
അഞ്ചില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത ആഘോഷ പരിപാടി വിഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടു എന്ന് ആരോപിച്ചാണ് താല്‍ക്കാലിക ജീവനക്കാരനെതിരെ നഗരസഭ നടപടി സ്വീകരിച്ചത്. വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന അനന്തു സംഭവദിവസം സെന്ററില്‍ എത്തിയിരുന്നില്ല. അനന്തുവിന്റെ ഭാര്യയാണ് അനന്തുവിന് പകരമായി സെന്ററില്‍ എത്തിയത്.ഭാര്യ വിഡിയോ ചിത്രീകരിച്ച് അനന്തുവിന് അയച്ചുകൊടുക്കുകയും അനന്തു വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയുമായിരുന്നു. ഇങ്ങനെ സംഭവം പുറത്തായി എന്ന് ആരോപിച്ചാണ് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ 17ന് അജ്ഞാത വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു അനന്തു.
സെന്ററിന്റെ പകരക്കാരനായി അനന്തുവിന്റെ ഭാര്യയായിരുന്നു പോയിരുന്നത്. അനന്തു തിരിച്ചുവരുന്നതുവരെ അനന്ദുവിന്റെ ഭാര്യയെ നിയമിക്കുന്നതിനും ചികിത്സ കഴിഞ്ഞു വരുന്ന മുറക്ക് അനന്തുവിനെ ജോലിയില്‍ പ്രവേശിപ്പിക്കാനും കൗണ്‍സില്‍ തീരുമാനിച്ചിരുന്നത് പ്രകകാരമാണ് ഭാര്യ സംഭവദിവസം ജോലിക്ക് പോയത്.