മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇ.ഡിക്കും തിരിച്ചടി
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിനും ഇ.ഡിക്കും സുപ്രീംകോടതിയില്‍ തിരിച്ചടി. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈകോടതി റദ്ദാക്കിയതിനെതിരെ സര്‍ക്കാരും ഇ.ഡിയും നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.
ഹൈക്കോടതി വിധിയില്‍ ഇടപടേണ്ട സാഹചര്യം നിലവിലില്ലെന്നും വാക്കാലുള്ള പരമര്‍ശങ്ങളല്ല, ശക്തമായ തെളിവുകളാണ് വേണ്ടതെന്നും ജസ്റ്റിസ് അഭയ് എസ്.ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നും കോടതി ചോദിച്ചു. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 2014ല്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ഷാജിക്കെതിരായ തുടര്‍നടപടികള്‍ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2020ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്.ഐ.ആറിലോ അന്വേഷണത്തില്‍ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കിയത്. എന്നാല്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ ഭൂരിഭാഗം സാക്ഷികളും മുസ്ലിം ലീഗ് പ്രവര്‍ത്തകരോ ഭാരവാഹികളോ ആണെന്നും ഇതില്‍ പറയുന്നു.