For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംസ്ഥാനത്തെ ഗവ. കരാറുകാര്‍ സമരത്തിലേയ്ക്ക്: മാര്‍ച്ച് നാലിനു പണികള്‍ നിര്‍ത്തിവച്ചു സൂചനാ പണിമുടക്ക് നടത്തും

11:21 AM Feb 28, 2024 IST | Online Desk
സംസ്ഥാനത്തെ ഗവ  കരാറുകാര്‍ സമരത്തിലേയ്ക്ക്  മാര്‍ച്ച് നാലിനു പണികള്‍ നിര്‍ത്തിവച്ചു സൂചനാ പണിമുടക്ക് നടത്തും
Advertisement

കൊച്ചി: നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഗവ. കരാറുകാര്‍ സമരത്തിലേക്ക്. മാര്‍ച്ച് നാലിനു പണികള്‍ നിര്‍ത്തിവച്ചു സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നു സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും പണിമുടക്കി പ്രതിഷേധ സമരവും സംഘടിപ്പിക്കും.

Advertisement

നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലങ്ങളില്‍ യാതൊരു ഇടപെടലുമില്ല. ധനകാര്യ, പൊതുമരാമത്ത്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ക്കു പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളില്‍ പലകാര്യങ്ങളിലും അഭിപ്രായ സമന്വയം ഉണ്ടായെങ്കിലും ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പലതിനും തടസം നില്‍ക്കുകയാണ്. ഏതു കാര്യവും ധനകാര്യവകുപ്പ് അറിഞ്ഞേ പറ്റു എന്നത് അംഗീകരിക്കാനാവില്ല. അങ്ങനെയെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യമില്ലല്ലോ.

പൊതുമരാമത്ത് മാന്വല്‍ പരിഷ്‌കരിക്കണം, ഗവ.കരാറുകാരുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കണം, പൂര്‍ത്തിയാക്കിയ ബില്ലുകള്‍ക്ക് പണം യഥാസമയം നല്‍കണം എന്നീ ആവശ്യങ്ങളും സര്‍ക്കാരിനു മുന്നില്‍ അസോസിയേഷന്‍ ഉന്നയിച്ചിട്ടുണ്ട്. ഗവ.കരാറുകാര്‍ നിര്‍മാണ പ്രവൃത്തികള്‍ക്കായി എഗ്രിമെന്റ് വയ്ക്കുമ്പോള്‍ ഏറ്റെടുക്കുന്ന വര്‍ക്കിന്റെ 0.1 ശതമാനം തുകയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ എഗ്രിമെന്റു വച്ച തുകയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുകയാണെങ്കില്‍ പോലും അങ്ങനെ മാറ്റം വരുത്തുന്ന തുകയുടെ 0.1 ശതമാനത്തിന് വീണ്ടും കരാറുകാരന്‍ മുദ്രപത്രം വാങ്ങുന്നത് ഒഴിവാക്കണം.

പിഡബ്ല്യുഡി ലൈസന്‍സ് പുതുക്കുന്നതിന് ലൈസന്‍സ് ഫീസും, സെക്യൂരിറ്റിയും മൂന്നിരട്ടിയായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണം. 2018ലെ ഡിഎസ്ആര്‍ നിരക്കില്‍ നിന്നുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോഴും ടെണ്ടര്‍ ചെയ്യുന്നത്. 2022ലെ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്സില്‍ പുതിയ വര്‍ക്കുകള്‍ ടെണ്ടര്‍ ചെയ്യണം. ടെണ്ടര്‍ നടന്ന് എഗ്രിമെന്റ് വച്ചതിനു ശേഷം വരുന്ന വിലവര്‍ധന തടയാന്‍ എഗ്രിമെന്റില്‍ വിലവ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും പലതവണ മന്ത്രിമാര്‍ക്കും, ചീഫ്എഞ്ചിനീയര്‍മാര്‍ക്കും നിവേദനമായി നല്‍കിയിട്ടും ചര്‍ച്ചകളില്‍ ഉന്നയിച്ചിട്ടും നാളിതുവരെ യാതൊരു പരിഹാരവുമുണ്ടായിട്ടില്ല.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സര്‍ക്കാര്‍, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് 10 ശതമാനം ടെണ്ടര്‍ വേരിയേഷന്‍ നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കോടിക്കണക്കിനു രൂപയാണ് അധികചിലവ് വരുത്തുന്നത്. വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച ത്രിതല പഞ്ചായത്തിലെ കരാറുകാര്‍ക്ക് യഥാസമയം പണം നല്‍കുന്നില്ല. ബില്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം വഴി പണം ലഭിക്കാത്ത അവസ്ഥയുണ്ട്. പല ബാങ്കുകളിലും ബിഡിഎസ് നല്‍കാന്‍ തയാറാകുന്നില്ല. ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പും- തദ്ദേശ സ്വയംഭരണ വകുപ്പും യാതൊരു ഇടപെടലും നടത്തുന്നില്ല. ചെറുകിട കരാറുകാര്‍ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

മാര്‍ച്ച് നാലിലെ സൂചനാ പണിമുടക്കിനു ശേഷവും സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ വിഷയങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ടെണ്ടറുകള്‍ ബഹിഷ്‌ക്കരിച്ചും, പണികള്‍ നിര്‍ത്തിവച്ചും സമരം ചെയ്യാന്‍ കേരളത്തിലെ ഗവ.കരാറുകാര്‍ നിര്‍ബന്ധിതരാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര, വര്‍ക്കംഗ് പ്രസിഡന്റ് എം.കെ.ഷാജഹാന്‍, എക്സിക്യുട്ടീവ് സെക്രട്ടറി ജോജി ജോസഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് പി.വി, സ്റ്റീഫന്‍, സെക്രട്ടറി സി.പി.നാസര്‍ എന്നിവര്‍ പറഞ്ഞു.

Author Image

Online Desk

View all posts

Advertisement

.