For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് നാളെ ആലപ്പുഴയില്‍ തുടക്കമാകും: അഞ്ച് വേദികളിലായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍

03:48 PM Nov 14, 2024 IST | Online Desk
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് നാളെ ആലപ്പുഴയില്‍ തുടക്കമാകും  അഞ്ച് വേദികളിലായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍
Advertisement

ആലപ്പുഴ: കേരള സ്‌കൂള്‍ ശാസ്ത്രോത്സവവും വെക്കേഷണല്‍ എക്സ്പോയും നവംബര്‍ 15 ന് വെള്ളിയാഴ്ച ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ വെകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഫിഷറീസ്, യുവജനക്ഷേമം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രരംഗങ്ങളില്‍ തങ്ങളുടെ കഴിവും സൃഷ്ടിപരതയും തെളിയിക്കുന്നതിനുള്ള പ്രധാനവേദിയായ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായാണ് സംഘടിപ്പിക്കുന്നത്.

Advertisement

ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജ്നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്.ഡി.വി.ബോയ്‌സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് മേള നടക്കുന്നത്. പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ശാസ്ത്രമേളയും, ലജ്നത്തുല്‍ മുഹമ്മദീയ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്രമേളയും, എസ്.ഡി.വി.ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളില്‍ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്. കൂടാതെ കരിയര്‍ സെമിനാര്‍, കരിയര്‍ എക്‌സിബിഷന്‍, കലാപരിപാടികള്‍ തുടങ്ങിയവും ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളില്‍ നടക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ എംപിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം എല്‍ എമാരായ പി പി ചിത്തരഞ്ജന്‍, എച്ച് സലാം, രമേശ് ചെന്നിത്തല, ദലീമ ജോജോ, യു പ്രതിഭ, എം എസ് അരുണ്‍കുമാര്‍, തോമസ് കെ തോമസ്, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ എം വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ റിയാസ്, നഗരസഭ വിദ്യാഭ്യാസ, കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ആര്‍ വിനീത, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസഡയറക്ടര്‍ കെ ജീവന്‍ ബാബു, എസ് സി ആര്‍ ടി ഡയറക്ടര്‍ ആര്‍ കെ ജയപ്രകാശ്, എസ് എസ് കെ ഡയറക്ടര്‍ ഡോ. എ ആര്‍ സുപ്രിയ, കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത്, എസ് ഐ ഇ എംഎടി ഡയറക്ടര്‍ ഡോ. സുനില്‍ വിറ്റി എന്നിവര്‍ പങ്കെടുക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു നവംബര്‍ 15 ന് രാവിലെ ഒമ്പതു മണിക്ക് പതാക ഉയര്‍ത്തുന്നതോടെ മേളക്ക് തുടക്കമാകും. രാവിലെ 10 മുതല്‍ സെന്റ് ജോസഫ് എച്ച് എസ് എസില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഇത്തവണ മുതല്‍ സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് എജ്യുക്കേഷന്‍ മിനിസ്റ്റേഴ്‌സ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള 5,000 ത്തോളം വിദ്യാര്‍ഥികള്‍ 180 ഓളം ഇനങ്ങളിലായി പങ്കെടുക്കും.

Tags :
Author Image

Online Desk

View all posts

Advertisement

.