സംസ്ഥാന സ്‌ക്കൂള്‍ കായികമേള: തിരുവനന്തപുരത്തിന് സമഗ്രാധിപത്യം
കൊച്ചി: സ്‌കൂള്‍ കായികമേളയിലെ ഗെയിംസ് മത്സരങ്ങള്‍ക്ക് കൊടിയിറങ്ങുമ്പോള്‍ തിരുവനന്തപുരത്തിന് സമഗ്രാധിപത്യം. 144 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമടക്കം 1213 പോയന്റോടെ തലസ്ഥാന ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി.73 സ്വര്‍ണവും 56 വെള്ളിയും 75 വെങ്കലവുമായി റണ്ണറപ്പായ തൃശൂര്‍ ജില്ലക്ക് 744 പോയന്റാണുള്ളത്. 67 സ്വര്‍ണം, 61 വെള്ളി,66 വെങ്കലവും നേടി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തുണ്ട്.
41 സ്വര്‍ണവും 57 വെള്ളിയും 113 വെങ്കലവുമടക്കം 568 പോയന്റ് നേടിയ മലപ്പുറവും 32 സ്വര്‍ണവും 52 വെള്ളിയും 59 വെങ്കലവും അടക്കം 522 പോയന്റ് നേടിയ പാലക്കാട്ടും നാലും അഞ്ചും സ്ഥാനങ്ങളിലാണ്.
സ്‌കൂളുകളില്‍ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസ് (78 പോയന്റ്), തൃശൂര്‍ കൊട്ടുകര പി.പി.എം.എച്ച്.എസ്.എസ് (55 ), കണ്ണൂര്‍ കോട്ടണ്‍ഹില്‍ ജി.ജി.എച്ച്.എസ്.എസ് (53) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനം നേടി. ഗെയിംസില്‍ മുഴുവന്‍ വിഭാഗങ്ങളിലും സമഗ്രാധിപത്യം നേടിയാണ് തിരുവനന്തപുരത്തിന്റെ തേരോട്ടം.ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ സംഭാവനയാണ് പോയന്റിലേറെയും. കഴിഞ്ഞ ദിവസം സമാപിച്ച അക്വാട്ടിക് മത്സരങ്ങളിലും തിരുവനന്തപുരം ജില്ലക്കായിരുന്നു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
2025ലെ കായികമേള തിരുവനന്തപുരത്ത്
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേള ഒളിമ്പിക്‌സ് മാതൃകയില്‍ത്തന്നെ വരും വര്‍ഷങ്ങളിലും നടത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഗെയിംസ്, നീന്തല്‍, അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഒരുമിച്ചാണ് നടത്തുക. 2025ലെ കായികമേളക്ക് തിരുവനന്തപുരം വേദിയാവുമെന്ന് മന്ത്രി വ്യക്തമാക്കി. മേളയില്‍ ഇക്കുറി സവിശേഷ പരിഗണനയുള്ള വിദ്യാര്‍ഥികളുടെയും ഗള്‍ഫില്‍നിന്നുള്ള മത്സരാര്‍ഥികളുടെയും പങ്കാളിത്തമുണ്ടായിരുന്നു.
കാല്‍ലക്ഷത്തോളം കായികപ്രതിഭകള്‍ മാറ്റുരച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം തിങ്കളാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും.