രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ പ്രസ്‌താവന; നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി, കോൺഗ്രസ് അധ്യക്ഷൻ
ഡൽഹി: ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ നടത്തുന്ന പ്രസ്‌താവനകളിൽ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. അച്ചടക്കമില്ലായ്‌മയും മര്യാദകേടും കാണിക്കുന്ന നേതാക്കളെ നിയന്ത്രിക്കണമെന്നും ഖാർഖെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഉത്തർ പ്രദേശിൽ നിന്നുള്ള ബിജെപിയുടെ ഒരു ജനപ്രതിനിധി രാഹുൽ ഗാന്ധിയെ തീവ്രവാദിയെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഒരു ഭരണപക്ഷ എംഎൽഎ രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്‌തു. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല. അഹിംസയുടെയും സ്നേഹത്തിന്റെയും കൂടിച്ചേരലാണ് ഇന്ത്യൻ സംസ്‌കാരം. എന്നാൽ ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത പരാമർശങ്ങളാണ്.ഇതിൽ പ്രധാനമന്ത്രി ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
രാഹുൽ ഗാന്ധിക്കെതിരെ വളരെ മോശം പരാമർശങ്ങളും, വധഭീഷണികളുമാണ് ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഈ അവസരത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.