For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പോലീസ് സ്റ്റേഷനുകളുടെ ഉള്‍വശം 24 മണിക്കൂറും ക്യാമറാ നിരീക്ഷണത്തില്‍

12:56 PM Feb 06, 2024 IST | Online Desk
പോലീസ് സ്റ്റേഷനുകളുടെ ഉള്‍വശം 24 മണിക്കൂറും ക്യാമറാ നിരീക്ഷണത്തില്‍
Advertisement

സുപ്രീംകോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് സ്റ്റേഷനുകളില്‍ പൂര്‍ണമായും ക്യാമറാ നിരീക്ഷണം ഒരുങ്ങുന്നത്.എല്ലാ പോലീസ് സ്റ്റേഷനുകളും ക്യാമറാ നിരീക്ഷണത്തിലാക്കാന്‍ 2020 ഡിസംബറിലാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടത്. 520 സ്റ്റേഷനുകളിലും നാലു മാസത്തിനകം ക്യാമറാ നിരീക്ഷണമൊരുക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിന് (ടി.സി.ഐ.എല്‍) കരാര്‍ നല്‍കിയതാണ്. പകുതിയിലേറെ സ്റ്റേഷനുകളില്‍ പൂര്‍ത്തിയായ ശേഷം പദ്ധതി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. സുപ്രീംകോടതി പലവട്ടം താക്കീത് നല്‍കിയതിനെത്തുടര്‍ന്നാണ് സ്റ്റേഷനുകളിലെ ക്യാമറാ വയ്പ്പ് വേഗത്തിലാക്കിയത്.കുറ്റാരോപിതരെയും സംശയമുള്ളവരെയുമൊക്കെ പോലീസ് ഇടിച്ചുപിഴിയുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം.സ്റ്റേഷനുകളുടെ പ്രവേശന കവാടം, പുറത്തേക്കുള്ള വഴികള്‍, റിസപ്ഷന്‍, ലോക്കപ്പുകള്‍, ഇടനാഴികള്‍, ഇന്‍സ്‌പെക്ടറുടെയും സബ് ഇന്‍സ്‌പെക്ടര്‍മാരുടെയും മുറികള്‍, ലോക്കപ്പിന്റെ പുറംഭാഗം, സ്റ്റേഷന്‍ ഹാള്‍, സ്റ്റേഷന്റെ പരിസരം, ഡ്യൂട്ടി ഓഫീസറുടെ മുറി, കുറ്റാരോപിതരെ ഇരുത്തുന്ന മുറികള്‍ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണമുണ്ടാകും.

Advertisement

മനുഷ്യാവകാശം ലംഘിച്ചെങ്കില്‍ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങള്‍ ഇരയ്ക്ക് ആവശ്യപ്പെടാമെന്നും മനുഷ്യാവകാശ കമ്മിഷനടക്കം തെളിവായി സ്വീകരിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് സ്റ്റേഷനും പരിസരവുമാകെ ക്യാമറാ നിരീക്ഷണത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.നിരീക്ഷണത്തിന് ഒരു സ്റ്റേഷനില്‍ വേണ്ടത് 13 ക്യാമറകളാണ്. രാത്രിദൃശ്യങ്ങള്‍ ചിത്രീകരിക്കാനാവുന്നതും ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ മികച്ച മെക്രോഫോണുള്ളതുമായ ക്യാമറകളാണ് സ്ഥാപിക്കുന്നത്. ക്യാമറയിലെ ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടാനാവില്ല.ദൃശ്യങ്ങളും ശബ്ദവും ഒന്നര വര്‍ഷം സൂക്ഷിച്ചുവയ്ക്കാവുന്ന സംവിധാനമടക്കമാണ് സജ്ജമാക്കുന്നത്.ദൃശ്യങ്ങള്‍ തുറക്കണമെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ പാസ്വേഡ് ഉപയോഗിക്കണം. ക്യാമറാ സംവിധാനം കേടായാല്‍ 6 മണിക്കൂറിനകം അറ്റകുറ്റപ്പണി നടത്തണം. ഓഫ് ചെയ്യുന്നില്ലെന്ന് എസ്.എച്ച്.ഒ ഉറപ്പാക്കണമെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തില്‍ ഉണ്ട്.

Author Image

Online Desk

View all posts

Advertisement

.