For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബെവ്കോയുടെ പരസ്യ വീഡിയോയിക്കെതിരെ ശക്തമായ നടപടി വേണം: കെ സി ബി സി നിയമ നടപടികളിലേക്ക്

03:06 PM Sep 17, 2024 IST | Online Desk
ബെവ്കോയുടെ പരസ്യ വീഡിയോയിക്കെതിരെ ശക്തമായ നടപടി വേണം  കെ സി ബി സി നിയമ നടപടികളിലേക്ക്
Advertisement

കൊച്ചി: പൊതുജനത്തെ മദ്യശാലകളിലേക്ക് ആകര്‍ഷിക്കാന്‍ കടുത്ത അബ്കാരി ചട്ടലംഘനം നടത്തി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യവീഡിയോ പുറത്തുവിട്ട സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ബെവ്കോയുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കും.

Advertisement

കേരള അബ്കാരി ആക്ട് (1) 1077 സെക്ഷന്‍ 55ഒ പ്രകാരം ഗുരുതരമായ ചട്ടലംഘനത്തിന് ആറ് മാസം തടവോ പിഴയോ രണ്ടും കൂടിയോ ബെവ്കോ അധികാരികള്‍ക്ക് ലഭിക്കാവുന്ന കുറ്റമാണിത്.

ഒരു സ്ത്രീ ബെവ്കോയ്ക്കുവേണ്ടി ലൈംഗിക ചുവയോടെ ടിക്ടോക് മാധ്യമം മുഖേന നടത്തുന്ന പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. കുടിക്കൂ… വരൂ…. ക്യൂവിലണിചേരൂ! ആഢംബരങ്ങള്‍ക്ക് കൈത്താങ്ങാകൂ! എന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ലോഗോയോടൂകൂടിയ പരസ്യമാണ് കടുത്ത നിയമലംഘനമായി കെ സി ബി സി ചൂണ്ടിക്കാട്ടുന്നത്.

മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും ബെവ്കോയും ചൂഷണം ചെയ്യുകയാണ്. സര്‍ക്കാരിന് 2024-25 വര്‍ഷത്തില്‍ മദ്യനയമില്ല. 'കട്ടപ്പുറത്തെ നയ'മാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പൊതുജനത്തിന്റെ ശാരീരിക-മാനസിക ആരോഗ്യത്തിന് തെല്ലും വിലകല്പിക്കുന്നില്ല. യഥേഷ്ടം മദ്യശാലകള്‍ അനുവദിച്ച് തേരോട്ടം തുടരുകയാണ് സര്‍ക്കാര്‍. നയം രൂപീകരിക്കാതെ നാഥനില്ലാ കളരിയാകുകയാണ് എക്സൈസ് വകുപ്പ്.

എം ഡി എം എ പോലുള്ള മാരക രാസലഹരികള്‍ സംസ്ഥാനത്ത് യഥേഷ്ടം എത്തിച്ചേരുകയും ദുരുപയോഗം ചെയ്യപ്പെടുകയുമാണ്. സ്‌കൂള്‍ കുട്ടികളെപോലും വാഹകരും ഉപയോക്താക്കളുമായി ലഹരിമാഫിയ മാറ്റുന്നു. ഈയൊരു അവസ്ഥയ്ക്ക് സര്‍ക്കാര്‍ തടയിടണം. അല്ലാത്തപക്ഷം മാനസിക രോഗികളുടെ നാടായി മാറും കേരളം. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു.

Tags :
Author Image

Online Desk

View all posts

Advertisement

.