ആൾക്കൂട്ട വിചാരണക്കൊല: എസ്എഫ്ഐ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന്; കെഎസ്‌യു
പാലക്കാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ ആൾക്കൂട്ട വിചാരണക്കൊലയിൽ എസ്എഫ്ഐ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റി. കോളേജിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥനെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ മാതൃകയിൽ ഗാപ്പ് പഞ്ചായത്ത് നടത്തി വിവസ്ത്രനാക്കി മൂന്നുദിവസത്തോളം മൃഗീയമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ സിപിഎം നേതൃത്വവും യൂണിവേഴ്സിറ്റി അധികാരികളും ചേർന്ന് ദേശാഭിമാനി പത്രത്തെ കൂട്ടുപിടിച്ച് കൊല്ലപ്പെട്ട വിദ്യാർത്ഥിക്കെതിരെ ഇപ്പോൾ വ്യാജ പരാതി കെട്ടിച്ചമച്ച് എസ്എഫ്ഐയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് കെഎസ്‌യു ആരോപിച്ചു. വിചാരണ കൊലയ്ക്ക് നേതൃത്വം കൊടുത്ത എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ആൾക്കൂട്ട കൊലയെ വെറുമൊരു റാഗിങ് കേസ് മാത്രമാക്കി ചിത്രീകരിക്കുന്ന ഇടത് സാംസ്കാരിക ബുദ്ധിജീവികളുടെ നടപടി എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കെഎസ്‌യു ആരോപിച്ചു. പൂക്കോട് ക്യാമ്പസിൽ മാത്രമല്ല എസ്എഫ്ഐക്ക് മൃഗീയ ആധിപത്യമുള്ള കേരളത്തിലെ മുഴുവൻ ക്യാമ്പസുകളിലേയും സ്ഥിതി സമാനമാണെന്നും കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.
കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി അധ്യക്ഷത വഹിച്ച പ്രതിഷേധം കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിർവാഹ സമിതി അംഗം ഡി ഡിജു കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റുമാരായ അമൽ കണ്ണാടി, ആഷിഫ് കാപ്പിൽ,ബിജോയ് കാവശ്ശേരി,അശ്വിൻ ചിറ്റൂർ, അജയൻ കെ, വിപിൻ വിജയൻ, അബു പെരിങ്ങോട്ടുകുറിശ്ശി, വിവേക് കുഴൽമന്ദം, തുടങ്ങിയവർ നേതൃത്വം നൽകി.