ആറന്മുള പൊലീസിനെതിരെ വിദ്യാര്‍ഥിനി ഹൈക്കോടതിയിലേയ്ക്ക്
പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറന്മുള പൊലീസിനെതിരെ വിദ്യാര്‍ഥിനി ഹൈകോടതിയിലേക്ക്. എസ്.എഫ്.ഐ നേതാവിന്റെ കൈയേറ്റത്തിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെയാണ് പരാതിക്കാരി തന്നെ ഹൈക്കോടതിയെ സമീപിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാണ് വിദ്യാര്‍ഥിനിയുടെ ആവശ്യം. എഫ്.ഐ.ആറിന്റെ പകര്‍പ്പ് വാങ്ങാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ സി.ഐ മോശമായി പെരുമാറിയെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, ലോ കോളജ് സംഘര്‍ഷത്തിന്റെ വിഡിയോ പുറത്തുവന്നു. പരാതിക്കാരിയും വിദ്യാര്‍ഥി നേതാവും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കൈയേറ്റം ചെയ്ത സംഭവത്തില്‍ സി.പി.എം പെരുനാട് ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ എസ്.എഫ്.ഐ നേതാവിനെതിരെ കേസെടുക്കാന്‍ ആദ്യം പൊലീസ് തയാറായിരുന്നില്ല. കെ.എസ്.യു നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആറന്മുള പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് മര്‍ദനത്തിനിരയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിക്കെതിരെയും കേസെടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മറ്റും പറഞ്ഞാണ് ആറന്മുള പൊലീസ് കേസെടുത്തത്.
പ്രിന്‍സിപ്പലിനെതിരെ കോളജില്‍ അടുത്തിടെ നടന്ന സമരത്തില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളും ഒന്നിച്ചായിരുന്നു. പിന്നീട് എസ്.എഫ്.ഐ നേതാക്കള്‍ അറ്റന്‍ഡന്‍സ് പ്രശ്‌നം മറികടന്ന് പരീക്ഷ എഴുതി. സമരത്തില്‍ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനിക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇതാണ് തര്‍ക്കത്തിനിടയാക്കിയത്. പെണ്‍കുട്ടിയുടെ മൂക്കിടിച്ച് തകര്‍ക്കുകയും ദേഹത്തുപിടിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പെണ്‍കുട്ടിയുടെ മൂക്കിന് സാരമായ പരിക്കേറ്റിരുന്നു.