Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോടതി കയറിയിറങ്ങുന്ന വിദ്യാർത്ഥി രാഷ്ട്രീയം; ആരാണ് ഉത്തരവാദി..?; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

05:09 PM Dec 21, 2024 IST | Online Desk
Advertisement

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും നാൾ വഴികളിൽ വിദ്യാർഥി മുന്നേറ്റങ്ങൾ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. രാജ്യത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ അത്രത്തോളം പങ്ക് വിദ്യാർത്ഥി രാഷ്ട്രീയത്തിന് ഉണ്ടായിരുന്നു. കേവലം വിദ്യാർത്ഥി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളും പ്രശ്നങ്ങളും മാത്രമായിരുന്നില്ല വിദ്യാർത്ഥി സംഘടനകൾ ഒരു കാലഘട്ടത്തിൽ ഏറ്റെടുത്തിരുന്നത്.

Advertisement

മലപ്പുറത്തേക്ക് പൊതുസമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളിലും കൃത്യവും ക്രിയാത്മകവുമായ ചർച്ചകൾ നമ്മുടെ കലാലയങ്ങളിൽ ഉണ്ടായിട്ടുണ്ട്. പല ഭരണകൂടങ്ങളെയും തിരുത്തുന്നതിലേക്ക് പോലും വഴിയൊരുക്കിയ വിദ്യാർത്ഥി സമരങ്ങളും കേരളീയ സമൂഹം കണ്ടിട്ടുണ്ട്. സമരവേലിയറ്റങ്ങൾക്ക് ഇന്നും കുറവൊന്നുമില്ല. എന്നാൽ വിദ്യാർഥി രാഷ്ട്രീയത്തിന്റെയും സംഘടനകളുടെയും മൂല്യച്യുതി ഇടിഞ്ഞിട്ടുണ്ടോയെന്നതിൽ ഏറെ ചർച്ചകൾ അനിവാര്യമാണ്. പരസ്പര സംവാദങ്ങളുടെയും ആശയ ഏറ്റുമുട്ടലുകളുടെയും ഇടങ്ങളായിരുന്ന കലാലയങ്ങളിൽ ഇന്നുള്ളത് ആശയപരമായ സംഘട്ടനകൾ അല്ല. വിദ്യാർത്ഥി രാഷ്ട്രീയത്തെ പാടെ കുറ്റം പറയുകയല്ല.

വിദ്യാർത്ഥി രാഷ്ട്രീയം കലാലയങ്ങളുടെ പടിക്ക് പുറത്തു നിർത്തണമെന്ന അഭിപ്രായവുമില്ല. വിദ്യാർത്ഥി സംഘടന പ്രവർത്തനമൊന്നുമല്ല നമ്മുടെ ക്യാമ്പസുകളെ ഇത്തരത്തിൽ മാറ്റിയെടുത്തത്. അതേസമയം, സംഘടനകൾ ചില ഘട്ടങ്ങളിൽ എടുത്ത പല സമീപനങ്ങളും ഇന്നത്തെ ഗതിക്ക് കാരണവും ആയിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തെ പാടെ എതിർക്കുന്ന ചിലരുണ്ട്. എല്ലായിപ്പോഴും രാഷ്ട്രീയം ക്യാമ്പസിന് പുറത്തേക്ക് നിർത്തണമെന്ന് അഭിപ്രായം പങ്കുവെക്കുന്നവർ. അവരുടെ വാദമാകും ഏറ്റവും അപകടകരമായത്. വിദ്യാർത്ഥി രാഷ്ട്രീയം പിന്നോട്ടുപോയാൽ അവിടേക്ക് കടന്നു വരിക ഏതൊക്കെ ശക്തികൾ ആണെന്ന് ചിന്തിക്കുവാൻ ഈ കൂട്ടർ തയ്യാറാകണം.

വിദ്യാർത്ഥി സംഘടനകൾ ക്യാമ്പസുകളിൽ നിന്നും അന്യം നിൽക്കുവാൻ തുടങ്ങിയ അതേ കാലത്താണ് അവിടേക്ക് ഗ്യാങ്ങുകളും വർധിത ലഹരി ഉപയോഗവും കടന്നുവന്നത്. അതായത് ഒരു പരിധിവരെ ലഹരി വസ്തുക്കളുടെ ഉപയോഗവും ചേരി തിരിഞ്ഞുള്ള അക്രമങ്ങളും ഇല്ലാതാക്കുവാൻ വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിന്റെ സാന്നിധ്യം കൊണ്ട് ഒരുകാലത്ത് കഴിഞ്ഞിരുന്നു. എന്നാൽ മുദ്രാവാക്യം ഉയരാത്ത ക്യാമ്പസുകളിൽ നിന്നും അശുഭകരമായ വാർത്തകളും കേരളീയ സമൂഹം ഒരുപാട് കേട്ടിട്ടുണ്ട്.

ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ട നെഹ്റു കോളേജിൽ വിദ്യാർത്ഥി സംഘടനകളുടെ സാന്നിധ്യം ഇല്ലായിരുന്നു. അതുപോലെ വിദ്യാർത്ഥികൾ മാനേജ്മെന്റിന്റെയും അധികൃതരുടെയും ചൂഷണം മൂലം ആത്മഹത്യയിലേക്ക് എത്തപ്പെട്ട പലയിടങ്ങളിലും വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിന്റെ അസാന്നിധ്യം പ്രകടമായിരുന്നു. വിദ്യാർത്ഥി സംഘടനകൾ ഏർപ്പെടുന്ന സംഘർഷങ്ങളെ പറയാതെ പോവുകയല്ല, അതേസമയം ആ സംഘർഷങ്ങളുടെ നേതൃനിരയിൽ പക്വതയുള്ള നേതൃത്വങ്ങൾ പലപ്പോഴും ഇടപെട്ട് സംഘർഷങ്ങളെ സമാധാനത്തിന്റെ പാതയിലേക്ക് നയിച്ചിട്ടുമുണ്ട്.

എന്നാൽ ഒരു രാഷ്ട്രീയവുമില്ലാത്ത ഗ്യാങ്ങുകൾ നമ്മുടെ കലാലയങ്ങളിൽ രൂപപ്പെട്ടത് ആർക്കും നിയന്ത്രണത്തിന്റെയും ഇടപെടലിന്റെയും ചരടുകൾ പോലും ഇല്ലാതെയാണ്. കോടതി വരാന്തയിലേക്ക് വിദ്യാർത്ഥി രാഷ്ട്രീയം എത്തിയതിൽ സംഘടനകൾക്കും പങ്കുണ്ട്. വിദ്യാർഥികളുടെ വിഷയങ്ങളും പൊതുസമൂഹത്തിലെ പ്രശ്നങ്ങളും കൃത്യമായി മനസ്സിലാക്കി ക്രിയാത്മകമായി ഇടപെടുന്നതിന് അപ്പുറത്തേക്ക് മാതൃ സംഘടനയിലേക്ക് ആളുകളെ എത്തിക്കാനുള്ള റിക്രൂട്ട്മെന്റ് ഏജൻസികൾ ആയി മാത്രം സംഘടനാ പ്രവർത്തനത്തെ കണ്ടത് ഈ തലമുറയിൽ പാളിച്ചതായി മാറി.

പുതിയ കാലത്തിന്റെ പുത്തൻ മാറ്റങ്ങളെ ഉൾക്കൊള്ളാതെ പഴയ ശൈലിയിൽ വിദ്യാർത്ഥി സമൂഹത്തെ അഭിമുഖീകരിച്ചതും തിരിച്ചടിയായി. അപ്പോഴും കോടതി വരാന്തയിലേക്ക് വിദ്യാർത്ഥി രാഷ്ട്രീയത്തെ എത്തിച്ചതിൽ സംഘടനകൾക്ക് മാത്രമല്ല പങ്കുള്ളത്. ചില കോളേജ് മാനേജ്മെന്റുകളും തങ്ങളുടെ ചില ലക്ഷ്യങ്ങൾക്ക് വേണ്ടി വിദ്യാർത്ഥി രാഷ്ട്രീയത്തെ കശാപ്പ് ചെയ്യുവാൻ തുനിഞ്ഞ് ഇറങ്ങിയിരുന്നു. അത് പലപ്പോഴും ഫലം കാണുകയും ചെയ്തിട്ടുണ്ട്. പൊതുവായിട്ട് അല്ലെങ്കിലും ചില ക്യാമ്പസുകളിൽ എങ്കിലും വിദ്യാർത്ഥി സംഘടന പ്രവർത്തനത്തെ പടിക്ക് പുറത്ത് നിർത്തുവാൻ ഉള്ള ഉത്തരവുകൾ സമ്പാദിക്കുവാൻ കോളേജ് മാനേജ്മെന്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിൽ ഒരു പടി മുന്നിൽ നമ്മുടെ ചില സാമുദായിക മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലുള്ള കോളേജുകളാണ്.

സംഘടിച്ച് ശക്തരാകുവാൻ പറഞ്ഞ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള എസ്എൻഡിപിയുടെ നേതൃത്വത്തിലുള്ള എസ് എൻ കോളേജുകളിൽ പോലും വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കപ്പെട്ടിട്ടുണ്ട്. എൻഎസ്എസ് മാനേജ്മെന്റുകളും ചില ക്രൈസ്തവ മുസ്ലിം മാനേജ്മെന്റുകളുമെല്ലാം സമാനമായ രീതിയിൽ കോടതി വരാന്തകളിലേക്ക് വിദ്യാർഥി രാഷ്ട്രീയത്തെ എത്തിച്ചിട്ടുണ്ട്. വർത്തമാനകാലത്ത് ക്യാമ്പസുകളിൽ നിന്നും നാം കേൾക്കുന്ന വാർത്തകൾ പലപ്പോഴും ശുഭകരമല്ല.

പ്രണയക്കൊലകളും അതിക്രമങ്ങളും ലഹരി വസ്തുക്കളുടെ ഉപയോഗവും ആത്മഹത്യകളുമെല്ലാം വർദ്ധിച്ചുവരുന്നു. ഇതിനൊരു പരിഹാരമുയർത്തി ക്യാമ്പസുകളിൽ ആശയപരമായ ഒരു മുന്നേറ്റം ശക്തമാകേണ്ടതുണ്ട്. അതിന് ഇന്നിന്റെ വിദ്യാർത്ഥി സംഘടനകളും കൃത്യമായ പങ്ക് വഹിക്കുക തന്നെ ചെയ്യണം. ഏറ്റവും ഒടുവിലായി പുറത്തുവന്ന ഹൈക്കോടതിയുടെ വിദ്യാർത്ഥി സംഘടന പ്രവർത്തനവുമായി ബന്ധപ്പെട്ട നിരീക്ഷണം പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകുവാൻ സംഘടനകൾക്ക് ഊർജമായി മാറേണ്ടതുണ്ട്.

Advertisement
Next Article