വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ
കാനഡ :ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.
രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം.
വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായി വരും മാസങ്ങളില്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. അടുത്തവര്‍ഷം വിദേശ വിദ്യാര്‍ഥികളുടെ എണ്ണം പത്ത് ശതമാനം വീണ്ടും കുറയ്ക്കുമെന്നും ജസ്റ്റിന്‍ ട്രൂഡോ എക്‌സില്‍ കുറിച്ചു. രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തുമെന്നാണ് വിവരം. പുതിയ നിബന്ധനകള്‍ ഇന്ത്യയില്‍ നിന്നടക്കം കാനഡയിലേക്ക് കുടിയേറിയവരെ സാരമായി ബാധിക്കും.
രാജ്യത്തെ സാമ്ബത്തിക രംഗത്തിന് കുടിയേറ്റം ഏറെ സഹായകരമാണ്. എന്നാല്‍, അവസരം മുതലെടുക്കുന്നവരുടെ എണ്ണം കുറവല്ല, ഇത് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതെന്നും നടപടിയിലേക്ക് കടക്കാന്‍ ഇതാണ് കാരണമെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.
ഇമിഗ്രേഷന്‍ വകുപ്പിന്റെ കണക്ക് പ്രകാരം 2023-ല്‍ 5,09,390 പേര്‍ക്കാണ് കാനഡ വിദ്യാഭ്യാസ പെര്‍മിറ്റ് നല്‍കിയത്. 2024 -ല്‍ ആദ്യ ഏഴ് ആഴ്ചകളില്‍ മാത്രം 1,75,920 പേര്‍ക്കാണ് സ്റ്റഡി പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. 2025-ല്‍ വിദ്യാഭ്യാസ പെര്‍മിറ്റിന്റെ എണ്ണം 4,37,000 ആയി കുറയ്ക്കുകയാണ് ലക്ഷ്യം.