Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സഹാറ ​ഗ്രൂപ്പ് ചെയർമാൻ സുബ്രത റോയി അന്തരിച്ചു

06:34 AM Nov 15, 2023 IST | Veekshanam
Advertisement

മുംബൈ: കേവലം 2000 രൂപ മൂലധനത്തിൽ തുടങ്ങി സഹസ്ര കോ‌ടികളുടെ ആസ്തിയുമുണ്ടാക്കിയ സഹാറ ​ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീർഘനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. ഇന്ത്യയിലെ നമ്പർ വൺ ന്യൂസ് ചാനലായിരുന്ന ജെയിൻ ടിവിയുടെ ഉടമസ്ഥനായിരുന്നു. ഒരു ഡസൺ കമ്പനികളിലായി 12 ലക്ഷത്തോളം ജീവനക്കാരുള്ള സ്ഥാപനമായിരുന്നു ഒരിക്കൽ സഹാറ. അന്ന് ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലാളികളുണ്ടായിരുന്ന സ്ഥാപനമാണ് സഹാറ. ഒന്നേകാൽ ലക്ഷത്തോളം ജീവനക്കാർ ഒരേ സമയം ദേശീയ ​ഗാനം ആലപിച്ച് ​ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, മീഡിയ, എന്റർടൈൻമെന്റ്, സ്പോർട്സ് തുടങ്ങി വൈവിധ്യങ്ങളായ സ്ഥാപനങ്ങളിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളിലൊന്നായി സഹാറ മാറിയിരുന്നു. എന്നാൽ സഹാറ ചിറ്റ്സ് ആൻഡ് ഫിനാൻസ് സ്ഥാപനത്തിന്റെ തകർച്ചയോടെ ​ഗ്രൂപ്പ് ക്രമേണ തകർന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലും മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നഷ്ടം സഹാറ ഇന്ത്യ പരിവാറിന് ആഴത്തിൽ അനുഭവപ്പെടുമെന്ന് കമ്പനി പറഞ്ഞു.
1948-ൽ ബീഹാറിലെ അരാരിയയിൽ ജനിച്ച സുബ്രത റോയി സഹാറ ഇന്ത്യ പരിവാർ 1978-ലാണ് ആരംഭിച്ചത്. കേവലം 2000 രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനി രാജ്യത്തെ മുൻനിര കമ്പനികളിലൊന്നായി മാറി. പിന്നീട് ബിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറ്റി. തുടർന്ന്, 1990-കളിൽ സുബ്രത റോയ് ലഖ്‌നൗവിലേക്ക് ചേക്കേറുകയും നഗരത്തെ തന്റെ കമ്പനിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. സഹാറ ചിട്ടി ഫണ്ട് കുംഭകോണത്തെ തുടർന്ന് കമ്പനി നിരവധി പ്രതിസന്ധികൾ നേരിട്ടു.
2012-ൽ, സഹാറയുടെ നിക്ഷേപ പദ്ധതി നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ ആരോപണം സെബിയും ഹിമാചൽ പ്രദേശ് ഹൈക്കോടതിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് വർഷങ്ങളോളം നിയമപോരാട്ടം നടത്തി. ഒടുവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.
സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സഹാറ ഗ്രൂപ്പ് ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപകർക്ക് 45 ദിവസത്തിനുള്ളിൽ റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുന്ന വെബ്‌സൈറ്റ് ഈ വർഷം ആദ്യം തുറന്നു. സഹാറ അഴിമതിയിൽ കുടുങ്ങിയ പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.
ഭാര്യ സ്വപ്ന റോയി. മക്കൾ സുശാന്ത് റോയ്, സീമന്തോ റോയ്. മെറ്റാസ്റ്റാറ്റിക് മാലിഗ്നൻസി, ഹൈപ്പർടെൻഷൻ, പ്രമേഹം തുടങ്ങിയ രോ​ഗങ്ങളെ തുടർന്ന് ആരോ​ഗ്യം മോശമായിരുന്നു. രോ​ഗങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായാണ് മരണമെന്ന് സഹാറ ​​ഗ്രൂപ് അറിയിച്ചു.

Advertisement

Advertisement
Next Article