പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആത്മഹത്യ: പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ പരാതിക്കാരനെതിരെ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി. ഒരാള്‍ക്ക് മറ്റൊരാള്‍ക്കെതിരെ നിയമാനുസൃതമായി പരാതി നല്‍കാന്‍ അവകാശമുണ്ട്. പരാതിയില്‍ അന്വേഷണവും സാധ്യമാണ്. അതിനാല്‍ പരാതി നല്‍കിയതാണ് ആത്മഹത്യക്കിടയാക്കിയതെന്ന പേരിലെ പ്രേരണക്കേസ് നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.
ചാവക്കാട് സ്വദേശിയുടെ ആത്മഹത്യയുടെ പേരില്‍ തൃശൂര്‍ തൈക്കാട് സ്വദേശികളായ മുരളി, ഭാര്യ സജിനി എന്നിവര്‍ക്കെതിരെ ചാവക്കാട് പൊലീസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
പരാതിയുടെ പേരില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനെത്തുടര്‍ന്ന് 2016 മാര്‍ച്ച് ആറിനാണ് ചാവക്കാട് സ്വദേശി ആത്മഹത്യ ചെയ്തത്. ചാവക്കാട് സ്വദേശിയുടെ മരണക്കുറിപ്പില്‍, ഉത്തരവാദികള്‍ ഹരജിക്കാരാണെന്ന് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രേരണക്കുറ്റത്തിന് കേസെടുത്തത്. ഇതേ കുറ്റം ചുമത്തി കുറ്റപത്രവും നല്‍കി. തുടര്‍ന്നാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.