വിസ തട്ടിപ്പിനെ തുടര്‍ന്ന് ആത്മഹത്യ; പ്രതി ബിജോയ്ക്കായി ഊര്‍ജ്ജിതമായ അന്വേഷണം
ആലപ്പുഴ: വിസ തട്ടിപ്പിനിരയായി തലവടി സ്വദേശി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിയായ ബിജോയെ കണ്ടെത്താനായി ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ
ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ. എന്‍. രാജേഷ്, എടത്വാ എസ്.ഐ എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നാണ് ഏജന്‍സിയെ കുറിച്ചും പ്രതിയെ കുറിച്ചും വിവരം ലഭിച്ചത് ഇതിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. വിസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കല്‍ ശരണ്യ (34) ആണ് കഴിഞ്ഞ ശനിയാഴ്ച തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ നിന്നും നിരവധി ആളുകളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി ഏജന്‍സിക്ക് കൈമാറിയതായി സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശരണ്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ നീരേറ്റുപുറത്തുള്ള രണ്ട് ബാങ്കുകളുടെ അക്കൗണ്ടില്‍ നിന്ന് അരക്കോടിയിലേറെ രൂപ ഏജന്‍സിക്ക് കൈമാറിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടില്‍ നിന്നും ആറ് ലക്ഷം രൂപയോളം ഈ എജന്‍സിക്ക് കൈമാറിയിട്ടുണ്ട്. വിദേശ ജോലി സ്വപ്‌നം കണ്ട നിരവധി ആളുകളുടെ പണമാണ് ഏജന്‍സി കൈക്കലാക്കിയത്. ശരണ്യയുടെ വിശ്വാസിയതയില്‍ പണം കൈമാറിയ മറ്റ് തൊഴിലന്വേഷികള്‍ വിസ തട്ടിപ്പെന്ന് മനസ്സിലാക്കിയതോടെ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് വിസ തട്ടിപ്പ് വിവരം ശരണ്യക്ക് മനസ്സിലായത്. ഇതില്‍ മനം നൊന്താണ് ശരണ്യ തൂങ്ങി മരിച്ചത്. ശരണ്യയുടെ മരണവിവരം അറിഞ്ഞ ഭര്‍ത്താവും തൂങ്ങി മരിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും പോലീസിന്റെയും സമയോജിതമായ ഇടപെടാലില്‍ ജീവന്‍ തിരിച്ചു കിട്ടിയിരുന്നു.