ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യ: ഹോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു
ഹൈദരാബാദ്: തെലങ്കാനയിലെ ഭോങ്കിര്‍ ടൗണിലെ പട്ടികജാതി വെല്‍ഫെയര്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ആറ് ഹോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാര്‍ഡന്‍ ഷൈലജ, ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപിക പ്രതിഭ, ഓട്ടോ ഡ്രൈവര്‍ ആഞ്ജനേയുലു, പാചകക്കാരായ സുജാത, സുലോചന, ഹോസ്റ്റല്‍ ട്യൂഷന്‍ അധ്യാപിക ഭുവനേശ്വരി എന്നിവര്‍ക്കെതിരെയാണ് ഭോങ്കിര്‍ ടൗണ്‍ പൊലീസ് സി.ആര്‍.പി.സി 174 വകുപ്പ് പ്രകാരം കേസെടുത്തത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ കൊടി ഭവ്യ (14), ഗാഡെ വൈഷ്ണവി (15) എന്നിവരെയാണ് ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ ഒരേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളും വാറങ്കല്‍ ജില്ലയിലെ നര്‍സാംപേട്ട് സ്വദേശികളാണ്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ഉറ്റ സുഹൃത്തുക്കളായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളും തങ്ങളെ അനാവശ്യമായി അധ്യാപകന്‍ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് ആതമഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.അതിനിടെ, പെണ്‍കുട്ടികളുടെ ആതമഹത്യ കുറിപ്പിലെ കൈയക്ഷരം പൊരുത്തപ്പെടുന്നില്ലെന്ന് അവകാശപ്പെട്ട് മാതാപിതാക്കള്‍ രംഗത്തുവരികയും മരണത്തിന് ഹോസ്റ്റല്‍ വാര്‍ഡനെയും മറ്റ് ജീവനക്കാരെയും കുറ്റപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കൈയക്ഷരം പെണ്‍കുട്ടികളുടേതുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ് ആത്മഹത്യാ കത്ത് ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കളും ദലിത് വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തി.