Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സബ്‌സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് സപ്ലൈക്കോ: അരി, പരിപ്പ്, പഞ്ചസാര എന്നിവയ്ക്ക് വില കൂട്ടി

01:45 PM Sep 05, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്‌സിഡി സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവര്‍ധിപ്പിച്ചിരിക്കുകയാണ്. 7 വര്‍ഷത്തിന് ശേഷമുള്ള നാമ മാത്ര വര്‍ധനയെന്നാണ് മന്ത്രി ജി ആര്‍ അനില്‍ ന്യായീകരിച്ചത്.

Advertisement

കുറുവ അരിയുടെ വില 30 രൂപയില്‍ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയില്‍ നിന്ന് 29 രൂപയായി. തുവര പരിപ്പിന്റെ വില 111 രൂപയില്‍ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി. 27 രൂപയായിരുന്നു ഇതുവരെയെങ്കില്‍ ഇന്ന് 33 രൂപയായി ഉയര്‍ന്നു.

അടുത്തിടെ സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് 225 കോടി അനുവദിച്ചിരുന്നു. ഇതില്‍ 150 കോടിയാണ് കൈമാറിയത്. സപ്ലൈക്കോയുടെ ആകെ കുടിശ്ശിക 110 കോടിയാണ്. സപ്ലൈക്കോ വില കൂട്ടിയത് പര്‍ച്ചേസ് വില കൂടിയത് കൊണ്ടെന്നാണ് ഭക്ഷ്യ വകുപ്പിന്റെ വിശദീകരണം.

ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയിലുണ്ടായ വര്‍ധനയ്ക്ക് അനുസരിച്ചുള്ള ക്രമീകരണമെന്നാണ് വില വര്‍ധനയെ ന്യായീകരിച്ചുള്ള ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്റെ മറുപടി. സപ്ലൈക്കോയെ നിലനിര്‍ത്താന്‍ വേണ്ടിയാണ് തീരുമാനം. ഔട്ട്‌ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തവണത്തെ ഓണം സപ്ലൈക്കോ ഫെയര്‍ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ - പൊതുവിതരണ വകുപ്പുമന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ - തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി ആദ്യവില്പന നടത്തും.

സെപ്തംബര്‍ 5 മുതല്‍ 14 വരെയാണ് ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഫെയറുകള്‍ സെപ്തംബര്‍ 6 മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക സൗകര്യങ്ങളോടെ സംഘടിപ്പിച്ചിട്ടുണ്ട്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉല്പന്നങ്ങള്‍, മറ്റ് എഫ് എം സി ജി ഉല്പന്നങ്ങള്‍, മില്‍മ ഉല്പന്നങ്ങള്‍, കൈത്തറി ഉല്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ വിലക്കുറവില്‍ വില്പന നടത്തും

Advertisement
Next Article