സപ്ലൈകോ കുടിശിക കുമിഞ്ഞു കൂടി; ടെൻഡറിൽ പങ്കെടുക്കാതെ വിതരണക്കാർ; മാവേലി സ്റ്റോറുകളും അടച്ചുപൂട്ടുന്നു
തിരുവനന്തപുരം: കോടിക്കണക്കിന് രൂപ കുടിശിക നൽകാത്തതിനാൽ സപ്ലൈകോ ടെൻഡറിൽ പങ്കെടുക്കാതെ വിതരണക്കാർ. നൽകാനുള്ള തുക ലഭിക്കാതെ സപ്ലൈകോയ്ക്ക് ഇനി സാധനങ്ങൾ നൽകേണ്ടതില്ലെന്ന് അന്യസംസ്ഥാനത്തെ കർഷകരും മില്ല് ഉടമകളും തീരുമാനിച്ചു. 800 കോടിയോളം രൂപ കുടിശ്ശിക വന്നതോടെയാണ് സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകേണ്ടതില്ല എന്നുള്ള തീരുമാനത്തിലേക്ക് അന്യസംസ്ഥാന കർഷകരും മില്ല് ഉടമകളും എത്തിയത്. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് ഇവിടങ്ങളിൽ നിന്ന് നേരിട്ട് സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർ അടുത്തിടെ നടന്ന ടെൻഡറിൽ പങ്കെടുത്തില്ല. അന്യ സംസ്ഥാന കർഷകരും മില്ല് ഉടമകളും നിലപാട് കടിപ്പിച്ചതോടെ സപ്ലൈകോയുടെ പ്രതിസന്ധി ഇരട്ടിയാകും. അതേസമയം, ടെൻഡറിൽ ആരും പങ്കെടുക്കാത്തതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം. ഏകദേശം 1,500 കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. എന്നാല്‍ ബജറ്റില്‍ അനുവദിച്ചത് പത്തുകോടി രൂപ മാത്രമാണ്.
ഓണക്കാലത്ത് ഉൾപ്പെടെ സബ്സിഡി സാധനങ്ങളുടെ ദൗർലഭ്യം നേരിട്ടിരുന്ന സപ്ലൈകോയിൽ ഇപ്പോഴും 13 ഇന സബ്സിഡി സാധനങ്ങളിൾ ഒന്നുപോലും ഇല്ല. ഒട്ടുമിക്ക ഔട്ട് ലെറ്റുകളിലും ശബരി ഉൽപ്പന്നങ്ങൾ മാത്രമാണ് റാക്കുകളിൽ. സബ്സിഡി സാധനങ്ങൾക്ക് പുറമേ 40ലധികം സാധനങ്ങളുടെ ടെൻഡർ ആണ് ക്ഷണിച്ചിരുന്നത്. നൽകാനുള്ള കുടിശികയുടെ പകുതിയെങ്കിലും ലഭിച്ചാൽ പങ്കെടുക്കുമെന്ന് വിതരണക്കാർ നേരത്തെ അറിയിച്ചിരുന്നു. പക്ഷേ ഇതും ലഭിക്കാതെ വന്നതോടെയാണ് ടെൻഡറിൽ പങ്കെടുക്കാതിരുന്നത്. ധനവകുപ്പിൽ നിന്ന് 300 കോടി എങ്കിലും ലഭിച്ചാലെ സപ്ലൈകോയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയൂവെന്നാണ് പറയപ്പെടുന്നത്.
ഇതിനിടെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വില്‍പന കുറവുള്ള മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങുകയാണ് സപ്ലൈകോ. ഇതിന്റെ ഭാഗമായി മാവേലി സ്‌റ്റോറുകളുടെ കണക്കെടുപ്പ് പട്ടിക തയ്യാറാക്കി. സംസ്ഥാനത്ത് ആകെ 815 മാവേലി സ്റ്റോറുകളാണുള്ളത്. ഇതില്‍ ലാഭകരമല്ലാത്തവയും വിറ്റുവരവ് ഇല്ലാത്തതും അടച്ചുപൂട്ടാനാണ് തീരുമാനം. ഇനി സബ്‌സിഡി ഇനത്തില്‍ വില്‍ക്കാന്‍ സാധനങ്ങള്‍ നല്‍കില്ലെന്ന് സപ്ലൈകോ എം.ഡി ശ്രീറാം വെങ്കിട്ടരാമൻ, ഔട്ട്‌ലെറ്റ് മാനേജര്‍മാരെ അറിയിച്ചു കഴിഞ്ഞു. പ്രാദേശിക ടെന്‍ഡറില്‍ വാങ്ങുന്ന സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്ന എം.ഡിയുടെ ഉത്തരവ് പുറത്തുവന്നു.