Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബോണ്ടിനു പൂട്ടിട്ട്
സുപ്രീം കോ‌ടതി

11:16 AM Mar 25, 2024 IST | Rajasekharan C P
Advertisement

ഒരാഴ്ചയ്ക്കിടെ വീണ്ടും ഇലക്റ്ററൽ ബോണ്ടിനെക്കുറിച്ചു തന്നെ എഴുതാനെടുത്ത തീരുമാനത്തിനു കാരണം ഈ വിഷയത്തിന്റെ രാഷ്ട്രീയ ​ഗൗരവം തന്നെയാണ്. സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ഇലക്റ്ററൽ ബോണ്ട് അഥവാ തെരഞ്ഞെടുപ്പ് കടപ്പത്ര കച്ചവടത്തിലൂടെ നടന്നതെന്നാണ് രാജ്യത്തെ മുതിർന്ന അഭിഭാഷകരും നിയമജ്ഞരും ഒരു പോലെ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 3.7 ലക്ഷം കോടിയുടെ കരാറുകൾ ബിജെപിക്കു സംഭാവന നൽകിയ കമ്പനികൾക്കു ലഭിച്ചെന്ന് ഈ കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വെളിപ്പെടുത്തിയിരിക്കുന്നു. കേന്ദ്ര ഏജൻസികൾ പരിശോധിച്ച 41 സ്ഥാപനങ്ങളിൽ 33 എണ്ണത്തിനും അവരുടെ ഷെൽ കമ്പനികൾക്കും കോഴയുടെ പ്രതിഫലമായി പാരിതോഷികങ്ങൾ ലഭിച്ചു.
ഇലക്റ്ററൽ ബോണ്ട് വഴി ബിജെപിക്കു 2,471 കോടി രൂപ സംഭാവന നൽകിയ 41 കമ്പനികൾക്കെതിരേ വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിരുന്നു. ബിജെപിയുടെ അക്കൗണ്ടിൽ പണമെത്തിയപ്പോൾ ഇവർക്കെതിരായ അന്വേഷണം ആവിയായിപ്പോയെന്ന് കേസിൽ കക്ഷിയായിരുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് ചൂണ്ടിക്കാട്ടി. കടപ്പത്രം വഴിയുള്ള സംഭാവനകൾക്കു പ്രതിഫലമായി 172 കരാറുകൾ വിവിധ സ്ഥാപനങ്ങൾക്കു ലഭിച്ചു.

Advertisement

ഇലക്റ്ററൽ ബോണ്ട് പണമാക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും ബിജെപിയുടെ സംഭാവനദാതാക്കൾക്ക് എസ്ബിഐ എല്ലാ സഹായവും ചെയ്തു കൊടുത്തു. ഈ കൊടിയ കൊള്ളയ്ക്കു കൂട്ടു നിന്ന എസ്ബിഐയോടു രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോൾ മൂന്നു മാസത്തെ കാലാവധി ആവശ്യപ്പെടുകയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ചെയ്തത്. നെറ്റ്ബാങ്കിം​ഗ് സൗകര്യം ആ​ഗോളതലത്തിൽ വ്യാപകമായ സാഹചര്യത്തിൽ, ഇടപാടുകാരെക്കുറിച്ച് വിവരം നൽകാൻ മൂന്നു മാസത്തെ സാവകാശം തേടിയ എസ്ബിഐയെ സുപ്രീം കോടതി വരച്ച വരയിൽ നിർത്തി ശ്വാസം മുട്ടിച്ചു. 24 മണിക്കൂറുകൾക്കുള്ളിൽ രേഖകൾ ഹാജരാക്കണമെന്ന കർശന നിർദേശം അനുസരിക്കുകയല്ലാതെ ബാങ്കിന് വേറൊരു വഴിയുമില്ലായിരുന്നു. ഇലക്റ്ററൽ ബോണ്ടിന്റെ വിശദാംശങ്ങളും ഇടപാടുകാരെ കുറിച്ചുള്ള വിവരങ്ങളുംഅതോടെയാണു പുറത്തു വന്നത്.

ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡി റിമാൻഡിലാക്കിയ ഡൽഹി മദ്യനയക്കേസിൽ, നേരത്തേ അറസ്റ്റിലായ വേറൊരു പ്രതി ബിജെപിക്കു സംഭാവന നല്കിയപ്പോൾ വിശുദ്ധനായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ​ഗോപാൽ ചൂണ്ടിക്കാട്ടിയത് വളരെ പ്രസക്തവും പ്രധാനവുമാണ്. ഹൈദരാബാദ് ആസ്ഥാനമായ അരബിന്ദോ ഫാർമയുടെ ഡയറക്റ്റർ പി. ശരത് ചന്ദ്ര റെഡ്ഡിയെയാണ് ബിജെപിക്കു പണം കൊടുത്ത് മാപ്പ് സാക്ഷിയാക്കിയത്. ഈ ഇളവിന് റെഡ്ഡി പലപ്പോഴായി ബിജെപിക്കു കൈമാറിയത് 34 കോടി രൂപ! 2022 നവംബർ പത്തിന് അറസ്റ്റിലായ റെഡ്ഡി അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഒരു കോടി രൂപ വീതം മുഖവിലയുള്ള അഞ്ച് ബോണ്ടുകൾ വാങ്ങി. പിന്നീട് 25 കോടിയുടെ കടപ്പത്രം കൂടി വാങ്ങിയതോടെയാണ് റെഡ്ഡി മാപ്പ് സാക്ഷിയായത്. എല്ലാം കൂടി 54 കോടിയോളം രൂപ റെഡ്ഡി ബിജെപിക്കു നല്കി. ഈ പണം കൈപ്പറ്റിയ ബിജെപി പ്രസിഡന്റ് ജെ.പി നഡ്ഡയാണ് കേസിലെ മുഖ്യപ്രതിയെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ പറയുന്നു.
ഇന്ത്യാ സഖ്യത്തിലെ കക്ഷികളെയാണ് അറസ്റ്റും ജയിലും കാണിച്ച് മോദി ഭയപ്പെടുത്തുന്നത്. ഇഡിയെയും സിബിഐയെയും ഉപയോ​ഗിച്ചു നരേന്ദ്ര മോദിയും ബിജെപിയും എത്രയെത്ര പ്രതിപക്ഷ നേതാക്കളെ കൂറുമാറ്റി ബിജെപിയിലെത്തിച്ചു. മറ്റു കക്ഷികളിൽ നിൽക്കുമ്പോൾ അഴമിതിക്കാരും ബിജെപിയിലെത്തിയാൽ വിശുദ്ധരുമാകുന്ന ചെപ്പടി വിദ്യയാണ് മോദി പയറ്റുന്നത്. ഹിമന്ത ബിശ്വ ശർമ, സുവേന്ദു അധികാരി, അശോക് ചവാൻ, ദി​ഗംബർ കാമത്ത്, അജിത്ത് പവാർ, ഛ​ഗൻ ഭുജ്ബെൽ, നാരായൺ റാണെ, പ്രഭുൽ പട്ടേൽ തുടങ്ങി എത്രയെത്ര പേരേ അഴിമതി കേസുകളിൽ കുടുക്കുകയും കൂറുമാറ്റി സ്വന്തം ചേരിയിലെത്തിച്ച ശേഷം വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു!
അടിമുടി അഴിമതിയാണ് ബിജെപിയുടെ മുഖമുദ്ര. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അം​ഗീകൃത രാഷ്ട്രീയ പാർട്ടികളെല്ലാം കൂടി ചെലവാക്കിയത് 50,000 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ നേർ പകുതിയും (25,000 കോടി) ചെലവാക്കിയത് ഭരണപ്പാർട്ടിയായ ബിജെപി ആയിരുന്നു എന്നാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് കണ്ടെത്തിയത്. ഇവിടെ മറ്റൊന്നു കൂടി മനസിലാക്കണം. തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നവർ തന്നെയാണ് ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നതും അതിനു കൂട്ടു നിൽക്കുന്നതും. അതുകൊണ്ടു തന്നെ അഴമിതിക്കു തടയിടാനാണ് ഇലക്റ്ററൽ ബോണ്ടുകൾ കൊണ്ടുവന്നതെന്ന മോദിയുടെ വാദം നിലനിൽക്കുന്നതല്ല. 2019 ഏപ്രിലിനും 2024 ജനുവരിക്കുമിടയിൽ 12,769 കോടി രൂപയുടെ ഇലക്റ്ററൽ ബോണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിറ്റഴിച്ചു എന്നാണ് സുപ്രീം കോടതിയിൽ വെളിവാക്കപ്പെട്ടത്. അതിൽ ബിജെപിക്ക് മാത്രം ലഭിച്ചത് എണ്ണായിരത്തിൽപ്പരം കോടി രൂപ!

കടപ്പാടിന്റെ പത്രമായി ഇലക്റ്ററൽ ബോണ്ടുകൾ മാറിയെന്നതാണ് വാസ്തവം.
രാഷ്ട്രീയ കക്ഷികൾക്കു സംഭാവന നൽകാനുള്ള വ്യവസ്ഥാപിത സംവിധാനമാണ് ഇലക്റ്ററൽ ബോണ്ടുകൾ. വ്യവസ്ഥകളുണ്ടെന്നു കരുതി എല്ലാം കഴിഞ്ഞു എന്നു കരുതരുതെന്നാണ് സുപ്രീം കോടതി അടിവരയിട്ടു പറഞ്ഞത്. നിയമപരമായ രീതിയിൽ പണം നൽകുമ്പോഴും വാങ്ങുമ്പോഴും കടപ്പാടിന്റെ ഒരു ബോണ്ടുകൂടി സ്ഥാപിക്കപ്പെടുന്നു. കൊടുക്കുന്നവർക്ക് പ്രത്യുപകാര പ്രതീക്ഷയും വാങ്ങുന്നവർക്ക് ആ പ്രതീക്ഷ സഫലമാക്കി കൊടുക്കാനുള്ള ബാധ്യതയുമുണ്ട്. കണക്കിൽ പെടാത്ത പണം കള്ളപ്പണമായി വാങ്ങുന്നതു പോലെ തന്നെ അഴിമതിയാണ് കണക്കിലുള്ള പണം നിയമപരമായി വാങ്ങി അഴിമതി നടത്തുന്നതും.
ഞാൻ ശരിയാണെന്ന് പറയുന്നതിൽ തെറ്റില്ല. പക്ഷേ, ഞാൻ മാത്രമാണു ശരിയെന്നും മറ്റുള്ളവരെല്ലാം കള്ളന്മാരാണെന്നുമാണ് നരേന്ദ്ര മോദി കരുതുന്നത്. അതുകൊണ്ടാണ് കള്ളപ്പണമുണ്ടെന്നു പറഞ്ഞ് പ്രതിപക്ഷ പാർട്ടികളുടെ ഓഫീസിലേക്കും നേതാക്കന്മാരുടെ വീടുകളിലേക്കുമൊക്കെ ഇഡി, സിബിഐ, തുടങ്ങിയ അന്വേഷണ ഏജൻസികളെ പറഞ്ഞുവിട്ട് റെയ്ഡും അറസ്റ്റും ഒക്കെ നടത്തുന്നത്. അതിന്റെ അവസാനത്തെ ഇരയാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ. കോൺ​ഗ്രസുമായി ചേർന്ന് ഇന്ത്യാ സഖ്യത്തിൽ ഉറച്ചു നിൽക്കുന്ന അരവിന്ദ് കേജരിവാളിനെ ഒരു തെളിവുമില്ലാതെ 40 കോടിയുടെ കോഴ ആരോപിച്ച് ഇഡി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാ​ഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോൺ​ഗ്രസിന് ചില്ലിക്കാശ് പോലും ചെലവഴിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. 18 സംസ്ഥാനങ്ങളിൽ ബിജെപിക്കു ഭരണമുണ്ട്. അവിടങ്ങളിൽ ഒരിടത്തും ഒരു അഴിമതിയും നടക്കാത്തതു കൊണ്ടല്ല ഇഡിയും സിബിഐയുമൊക്കെ അങ്ങോട്ടു പോകാത്തത്. അവിടങ്ങളിലെ അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ട് സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ പരിപൂർണ പിന്തുണ ഉള്ളതുകൊണ്ടു മാത്രമാണ്.

2019 തെരഞ്ഞെടുപ്പിൽ 25,000 കോടി രൂപ ചെലവിട്ട നരേന്ദ്ര മോദി 2024ൽ എത്ര കോടി ചെലവാക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെയൊരു പാർട്ടിയാണ് അഞ്ചു വർഷം മുൻപ് ആദായ നികുതി വകുപ്പിന് കണക്ക് കൊടുത്തില്ലെന്നു പറഞ്ഞ് കോൺ​ഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് 135 കോടി രൂപ കൊള്ളയടിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതല്ല മോദിയുെ ലക്ഷ്യം. ഒരു രാജ്യം ഒരു പാർട്ടി എന്നു തന്നെയാണ്. അതിനു വേണ്ടി ദൃഢനിശ്ചയം ചെയ്ത ഒരു ഏകാധിപതിയുടെ കുടില തന്ത്രങ്ങൾക്കാണു താൽക്കാലികമായെങ്കിലും സുപ്രീം കോടതി തടയിട്ടത്. അതിനു കൂട്ടു നിന്നവരെ വരച്ച വരയിൽ നിർത്തി കണക്ക് പറയിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി വരുതിയിലാക്കുമ്പോഴും അതിനു മീതേ ഇന്ത്യയുടെ നീതിപീഠങ്ങൾക്കു നിലനിൽക്കാൻ കഴിയുമെന്ന വലിയ പാഠവും പ്രതീക്ഷയുമാണ് ഇലക്റ്ററൽ ബോണ്ട് കേസിൽ സുപ്രീം കോടതി കാണിച്ച അനന്യമായ ആർജവം.

Advertisement
Next Article