അരവിന്ദ് കേജരിവാളിന്‍റെ ജാമ്യ ഹര്‍ജിയിൽ വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവ്
ന്യൂഡൽഹി: മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ജാമ്യ ഹര്‍ജിയില്‍ വെള്ളിയാഴ്ച ഉത്തരവുണ്ടാകും.ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക.
ഇഡിയുടെ അറസ്റ്റ് ചോദ്യംചെയ്താണ് കേജരിവാള്‍ സുപ്രീംകോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യം അനുവദിക്കണമെന്നും കേജരിവാള്‍ ഹർജിയില്‍ ആവശ്യപ്പെടുന്നു.
ഇന്നലെ ഹർജി പരിഗണിച്ച സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചില്ല. ജാമ്യം ലഭിച്ചാല്‍ കേജരിവാള്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കരുതെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് നിർദേശിച്ചു.തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇടക്കാലജാമ്യം നല്‍കിയാല്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കരുത്. മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചാല്‍ അതു കലഹത്തിലേക്ക് നയിക്കുമെന്നും കേജരിവാളിന്‍റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയോട് സുപ്രീംകോടതി വ്യക്തമാക്കി. ഇടക്കാലജാമ്യം അനുവദിക്കുന്നതു സംബന്ധിച്ച് വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
ഇടക്കാലജാമ്യം അനുവദിക്കരുതെന്ന് ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും സാധാരണ പൗരനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഒന്നര വർഷമായി ഇഡി കേജരിവാളിനെതിരേ നടപടി സ്വീകരിച്ചില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ പേരില്‍ ജാമ്യം അനുവദിക്കുന്നത് ശരിയല്ല.
അഴിമതി നടത്തിയ വ്യക്തിയാണ് കേജരിവാളെന്നും സോളിസിറ്റർ ജനറല്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കേജരിവാളിന് ജാമ്യം നല്‍കിയാല്‍ മറ്റുള്ളവരും ഈ ആവശ്യവുമായി രംഗത്തെത്തുമെന്നും സോളിസിറ്റർ ജനറല്‍ പറഞ്ഞു.