For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഭരണഘടനയുടെ ആമുഖത്തിലുള്ള 'സോഷ്യലിസ്റ്റ്', 'സെക്യുലർ വാക്കുകൾ നീക്കം ചെയ്യണമെന്ന ഹർജികൾ സുപ്രിംകോടതി തള്ളി

09:14 PM Nov 25, 2024 IST | Online Desk
ഭരണഘടനയുടെ ആമുഖത്തിലുള്ള  സോഷ്യലിസ്റ്റ്    സെക്യുലർ വാക്കുകൾ നീക്കം ചെയ്യണമെന്ന ഹർജികൾ സുപ്രിംകോടതി തള്ളി
Advertisement

ഡൽഹി: ഭരണഘടനയുടെ ആമുഖം തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രിംകോടതി തള്ളി. ആമുഖത്തിലുള്ള 'സോഷ്യലിസ്റ്റ്', 'സെക്യുലർ' (മതേതരം) എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. പാർലമെന്റിന്റെ തീരുമാനം റദ്ദാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Advertisement

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിൻ ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സഞ്ജയ് കുമാർ കൂടി അംഗമായ സുപ്രിംകോടതി ബെഞ്ച്. എത്രയോ വർഷമായി ഈ വാക്കുകൾ ഭരണഘടനയിൽ ചേർത്തിട്ട്, പെട്ടെന്ന് ഇപ്പോൾ വിഷയം ഉയർത്തിക്കൊണ്ടുവരുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനകളുടെ ഭാഗമാണ്. പാർലമെന്റിന്റെ ഭരണഘടനാ ഭേദഗതിക്കുള്ള പാർലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു1976ൽ ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി ഇന്ദിരാഗാന്ധി സർക്കാർ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ചേർത്തതിനെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഭരണഘടനയിലെ 42-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണു ഹരജിക്കാർ വാദിച്ചത്. അസാധാരണ സാഹചര്യങ്ങളിലായിരുന്നു പാർലമെന്റ് ഭേദഗതി പാസാക്കിയത്. ലോക്സഭാ കാലാവധി നീട്ടുക വരെ ചെയ്തിരുന്നുവെന്നും ഹർജിയിൽ പറഞ്ഞു.

സോഷ്യലിസത്തെ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്‌കർ എതിർത്തിരുന്നുവെന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ അഡ്വ. വിഷ്ണു‌ശങ്കർ ജെയിൻ പറഞ്ഞു. ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യം കുറയ്ക്കലാകുമെന്നാണ് അംബേദ്കർ അഭിപ്രായപ്പെട്ടതെന്നാണ് അഭിഭാഷകൻ പറഞ്ഞത്. ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും അദ്ദേഹം വാദിച്ചു.ഹർജിക്കാർ ചൂണ്ടിക്കാട്ടിയ ചില ആശങ്കകൾ അംഗീകരിച്ച ചീഫ് ജസ്റ്റിസ് വിഷയം മുൻപ് തന്നെ ജുഡീഷ്യൽ പരിശോധനയ്ക്കു വിധേയമായതാണെന്നു ചൂണ്ടിക്കാട്ടി. സുപ്രിംകോടതി വിഷയം മുൻപും പരിശോധിച്ചിട്ടുണ്ടെന്നും ജഡ്‌ജിമാർ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ് മതേതരത്വമെന്നും ചീഫ് ജസ്റ്റിസ് ഖന്ന നിരീക്ഷിച്ചു. മറ്റു രാജ്യങ്ങളിൽനിന്നു വളരെ വ്യത്യസ്‌തമായാണ് സോഷ്യലിസത്തെ ഇന്ത്യയിൽ മനസിലാക്കപ്പെടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇവിടത്തെ സാഹചര്യത്തിൽ സോഷ്യലിസം എന്നതുകൊണ്ട് പ്രാഥമികമായി അർഥമാക്കുന്നത് ക്ഷേമരാഷ്ട്രമാണ്. നല്ല നിലയിൽ തഴച്ചുവളരുന്ന സ്വകാര്യ മേഖലയെ അത് ഒരിക്കലും തടഞ്ഞിട്ടില്ല. അതിന്റെ ഗുണം നമ്മൾക്കെല്ലാം ലഭിച്ചിട്ടുമുണ്ട്. വ്യത്യസ്ത‌മായൊരു പശ്ചാത്തലത്തിലാണ് സോഷ്യലിസം ഇവിടെ പ്രയോഗിക്കുന്നത്. ഇതൊരു ക്ഷേമരാഷ്ട്രമാകണമെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി നിലകൊള്ളണമെന്നും അവർക്കു തുല്യമായ അവസരങ്ങൾ നൽകണമെന്നുമെല്ലാമാണ് അതുകൊണ്ട് അർഥമാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.