ഇന്ത്യയിലെ ഒരു പ്രദേശത്തേയും പാകിസ്താനെന്ന് വിളിക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കര്‍ണാടക ഹൈകോടതി ജഡ്ജി വി.ശ്രീസഹാനന്ദക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ബംഗളൂരുവിലെ ഒരു പ്രദേശത്തെ പാകിസ്താനെന്ന് വിളിച്ചതിലാണ് വിമര്‍ശനം. ഇന്ത്യയിലെ ഒരു പ്രദേശത്തേയും പാകിസ്താനെന്ന് വിളിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച പരാമര്‍ശം നടത്തിയത്. കോടതി നടപടികള്‍ ലൈഫ് സ്ട്രീം ചെയ്യുമ്പോള്‍ അത് വലിയൊരു വിഭാഗം ആളുകളിലേക്ക് എത്തുമെന്ന് അഭിഭാഷകരും ജഡ്ജിമാരും ചിന്തിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. രാജ്യത്തെ ഒരു പ്രദേശത്തെ പാകിസ്താനെന്ന് വിളിക്കുന്നത് അഖണ്ഡതക്ക് ഭീഷണിയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.
ഹൈകോടതി ജഡ്ജി ഞങ്ങളുടെ മുമ്പാകെ കക്ഷിയല്ലാത്തതിനാല്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തുന്നില്ല. ഇക്കാര്യത്തിലെ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കുകയാണ്. ഇലക്ട്രോണിക് യുഗത്തില്‍ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരന്‍ ജാഗ്രത പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.
ഹൈകോടതി ജഡ്ജി പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. തന്റെ ചില പ്രസ്താവനകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുക്കുകയായിരുന്നുവെന്നും പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തിയല്ല തന്റെ പരാമര്‍ശമെന്നും ജഡ്ജി വിശദീകരിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു.