യോഗ്യതാ പരീക്ഷയില്‍ വിജയിച്ചില്ലെങ്കില്‍ ജോലി ഉപേക്ഷിച്ച് പോകാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: 2023 ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന യോഗ്യതാ പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പഞ്ചായത്ത് അധ്യാപകര്‍ നല്‍കിയ ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. യോഗ്യതാ പരീക്ഷയില്‍ നിന്ന് രക്ഷപ്പെടാമെന്ന് പലരും കരുതിയെന്ന് വിമര്‍ശിച്ച കോടതി ഹര്‍ജി തള്ളി.
ഇതാണോ രാജ്യത്തെ വിദ്യാഭ്യാസ നിലവാരമെന്നും കോടതി ചോദിച്ചു. ബിരുദാനന്തര ബിരുദധാരികളായവര്‍ക്ക് അവധിക്കുള്ള അപേക്ഷപോലും എഴുതാന്‍ മടിയാണ്. ബീഹാര്‍ പോലൊരു സംസ്ഥാനം വിദ്യാഭ്യാസ രംഗം കൂടുതല്‍ മെച്ചപ്പെടുത്താന്‍ യോഗ്യതാ പരീക്ഷ നടത്തുമ്പോള്‍ അതിനെ തളര്‍ത്തുന്ന ഇത്തരത്തിലുള്ള ഹര്‍ജികള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. പരിവര്‍ത്തങ്കരി ആരംഭിക് ശിക്ഷക് സംഘ് നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.പട്‌ന ഹൈകോടതിയുടെ ഉത്തരവ് ശരിവെച്ച സുപ്രീംകോടതി രാജ്യം കെട്ടിപ്പടുക്കാന്‍ അധ്യാപകരെ സഹായിക്കുന്ന നിങ്ങള്‍ക്ക് ഒരു പരീക്ഷ നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ രാജി വെച്ച് പോകണമെന്നും പറഞ്ഞു.
ബീഹാര്‍ സര്‍ക്കാര്‍ നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ വിജയിച്ചില്ലെങ്കില്‍ ജോലിയില്‍ തുടരാനാകില്ലെന്ന് പട്‌ന ഹൈകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബീഹാറിലെ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് കീഴിലുള്ള നാല് ലക്ഷത്തോളം വരുന്ന പഞ്ചായത്ത് അധ്യാപകരാണ് സുപ്രീംകോടതിയെ സമീപിച്ചത്.