'ഇത് നിങ്ങളുടെ തീറ്റയാണ് ഇതുവെച്ച് നിങ്ങള്‍ ക്യാഷുണ്ടാക്കിക്കോളൂ' മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി
തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ഇതുവെച്ച് പണമുണ്ടാക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും സുരേഷ് ഗോപി പറഞ്ഞു.
മുകേഷ് എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രമുഖ നടന്മാര്ക്കെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇങ്ങനെ: 'ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങള്‍ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല. എന്നാല്‍ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ഈ വിഷങ്ങളെല്ലാം കോടതിയിലുണ്ടെങ്കില്‍ കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട് കോടതി തീരുമാനമെടുത്തോളും. സര്‍ക്കാര്‍ അത് കോടതിയില്‍ കൊടുത്താല്‍ അവര്‍ സ്വീകരിക്കും. തമ്മിത്തല്ലിച്ച് സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടാനാണ് നിങ്ങളുടെ ശ്രമം. പരാതി ആരോപണത്തിന്റെ രൂപത്തിലാണ്. നിങ്ങള്‍ കോടതിയാണോ..കോടതി തീരുമാനിക്കും'- സുരേഷ് ഗോപി പ്രതികരിച്ചു.