12 മണിക്കൂർ പിന്നിടുന്നു, അബിഗൽ സാറാ എവിടെ?
കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ 12 മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. അതിനിടെ തട്ടിക്കൊണ്ടു പോയവരുടേതെന്നു സംശയിക്കുന്ന രണ്ടു ഫോൺ കോളുകൾ അമ്മയുടെ ഫോണിലെത്തിയതും പൊലീസിനെ ചുറ്റിക്കുന്നു. ആദ്യ ഫോൺ പാരിപ്പള്ളിയിൽ നിന്നാണു ലഭിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും സംഘം അവിടെ നിന്നു മുങ്ങി.
അതിര്‍ത്തി പ്രദേശങ്ങളിലടക്കം പൊലീസ് അരിച്ചു പെറുക്കി പരിശോധനകള്‍ തുടരുകയാണ്. നാടിന്റെ ഉള്‍പ്രദേശങ്ങളിലും വനമേഖലകളിലും പൊലീസ് സഹായത്തോടെ നാട്ടുകാരും യുവജന സംഘടനാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്.എം.സി റോഡിലൂടെയുള്ള മുഴുവൻ വാഹനങ്ങളും നിരീക്ഷണത്തിലാണ്. ദേശീയ പാതകളും കർശനമായി നിരീക്ഷിക്കുന്നുണ്ട്.
പുലർച്ചെ രണ്ടര മണിയോടെ പകല്‍ക്കുറി ആയിരവല്ലി ക്ഷേത്രത്തിന് സമീപം പൊലീസ് പരിശോധന നടത്തി. പ്രദേശത്ത് അപരിചിതരായ ചിലരെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാല്‍ സംശയാസ്പദമായി രീതിയിലൊന്നും കണ്ടെത്തിയില്ല. മേഖലയില്‍ വിശദമായ പരിശോധന തുടരുകയാണെന്ന് പള്ളിക്കൽ പൊലീസ് അറിയിച്ചു. ഇതിനിടെ കാട്ടുപുതുശേരി പ്രദേശത്തെ അടിച്ചിട്ട ഗോഡൗണിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തൊരു കാര്‍ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുലർച്ചെ മൂന്നു മണിയോടെ പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിലൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു
വിവരം ലഭിച്ചാല്‍ അറിയിക്കുക: 9946 92 32 82, 9495 57 89 99