For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തി:സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

03:38 PM Jun 13, 2024 IST | Online Desk
സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു
Advertisement

കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസിന്റെ 'നിര്‍ഭയം-ഒരു ഐപിഎസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകത്തിലാണ് ഇരയുടെ വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്.

Advertisement

പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍നിന്നും അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് എ.ബദറുദീന്‍ ഐപിസി 228എ പ്രകാരം സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ''അതിജീവിതയുടെ പേര് നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേരും അവര്‍ താമസിക്കുന്ന സ്ഥലവും അതിജീവിത പഠിച്ച സ്‌കൂളിന്റെ പേരുമെല്ലാം വിശദമായി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 228എ വകുപ്പിന്റെ ലംഘനമാണെന്ന് പ്രാഥമികമായി വെളിപ്പെടുന്നു''കോടതി ചൂണ്ടിക്കാട്ടി.

കെ.കെ.ജോഷ്വ എന്നയാളാണ് സിബി മാത്യസിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം മണ്ണന്തല പൊലീസിനും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിശോധിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. എന്നാല്‍ കൂടുതല്‍ നടപടികള്‍ കേസില്‍ ഉണ്ടാകാതെ വന്നതോടെ പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സിബി മാത്യൂസിന്റെ പുസ്തകത്തിലെ വിവരങ്ങള്‍ വച്ച് അതിജീവിതയെ തിരിച്ചറിയാന്‍ പറ്റുമെന്ന് പരാതിക്കാരന്റ അഭിഭാഷകന്‍ വാദിച്ചു. ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ കേസെടുക്കണമെന്നു സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പുസ്തകം പുറത്തിറങ്ങി 2 വര്‍ഷം കഴിഞ്ഞു മാത്രമാണ് പരാതിപ്പെട്ടതെന്നും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു പകരം പ്രാഥമികാന്വേഷണം മതിയെന്നും സിബി മാത്യൂസിന്റെ അഭിഭാഷകനും വാദിച്ചു. 2017 മേയിലാണ് പുസ്തകം പുറത്തു വന്നത്. പരാതി നല്‍കിയത് 2019 ഒക്ടോബറിലും.

Author Image

Online Desk

View all posts

Advertisement

.