സാന്ത്വനം കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു!
കുവൈറ്റ് സിറ്റി : സാന്ത്വനം കുവൈറ്റ്, ബ്ലഡ് ഡോണേഴ്സ് കേരള- കുവൈറ്റ് ചാപ്റ്ററുമായി ചേർന്നുകൊണ്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു.
ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടന സമ്മേളനം ക്യാമ്പ് കൺവീനർ ബിവിൻ തോമസ് സ്വാഗതം ആശംസിച്ചു. സാന്ത്വനം കുവൈറ്റ് പ്രസിഡന്റ് രാജേന്ദ്രൻ മുള്ളൂർ അധ്യക്ഷതവഹിച്ച ചടങ്ങ് ഐഡിഎഫ് ട്രഷറർ ഡോക്ടർ സണ്ണി വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ അമീർ അഹമ്മദ് മുഖ്യാഥിതിയായിരുന്നു. ബി ഡി കെ പ്രതിനിധി മനോജ് മാവേലിക്കര, സാന്ത്വനം സെക്രട്ടറി സന്തോഷ് കുമാർ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലഡ് ഡൊണേഷന്റെ ആവശ്യകതകളെ കുറിച്ചും ബിഡികെയുടെയും സാന്ത്വനത്തിന്റെയും പ്രവർത്തനങ്ങളെ പ്രശംസിച്ചും ബ്ലഡ് ബാങ്ക് പ്രതിനിധി ഡോക്ടർ മുഹമ്മദ് ജാബിർ സംസാരിച്ചു. രോഹിത് ശ്യാമിന്റെ ആമുഖ ഗാനത്തോടെയാണ് ചടങ് ആരംഭിച്ചത്.
ബ്ലഡ് ബാങ്കിനുള്ള മൊമെന്റോ ബ്ലഡ് ബാങ്ക് പ്രതിനിധി ഡോക്ടർ മുഹമ്മദ് ജാബിറിന് ഡോക്ടർ അമീർ അഹമ്മദ് കൈമാറി. ബി ഡി കെ ക്കുള്ള മൊമെന്റോ സാന്ത്വനം കുവൈറ്റ് ഭാരവാഹികളായ ജ്യോതിദാസ്, രമേശൻ എന്നിവർ ബി ഡി.കെ. രക്ഷാധികാരി രാജൻ തോട്ടത്തിലിനു കൈമാറി. ബി ഡി കെ സെക്രട്ടറി നിമിഷ് നന്ദി പറഞ്ഞു. രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ നൽകുകയുണ്ടായി. ഒപ്പം, വളണ്ടിയേഴ്സ് ആയി പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രക്തദാന ക്യാമ്പിൽ 24 ഓളം കുട്ടികൾ വളണ്ടിയറായി സേവനമനുഷ്ഠിച്ചു എന്നത് ഈ വർഷത്തെ ക്യാമ്പിന്റെ പ്രത്യേകതയായി.