ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖയിലേക്ക് കരുതലുമായ് സാന്ത്വനം കുവൈറ്റ് !
കുവൈറ്റ് സിറ്റി : ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖയിലേക്ക് കരുതലുമായ് സാന്ത്വനം കുവൈറ്റ്. 2001 മുതൽ എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുപോരുന്ന കുവൈറ്റ് മലയാളികളുടെ കാരുണ്യ കൂട്ടായ്മയാണു സാന്ത്വനം.കഴിഞ്ഞ 23 വർഷങ്ങളിലെ പ്രവർത്തന ത്തിൽ ഏറ്റവുമധികം സഹായ പദ്ധതികളുമായി ഇടപെട്ടിട്ടുള്ള കേരളത്തിലെ രണ്ടു ജില്ലകളാണു കാസർഗ്ഗോഡും ഇടുക്കിയും. പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ എന്നതിനുപുറമേ കാസർഗ്ഗോട്ടെ എൻഡോസൾഫാൻ മേഖലയും ഇടുക്കി ഹൈറേഞ്ചിലെ തോട്ടം തൊഴിലാളി മേഖലയും സാന്ത്വനം ഏറെ കരുതലോടെ യാണ് കൈകാര്യം ചെയ്തുപോരുന്നത്.
സാന്ത്വനത്തിന്റെ കഴിഞ്ഞ വർഷത്തെ സ്പെഷ്യൽ പ്രൊജക്ട് ആയിരുന്ന കാസർഗ്ഗോട്ട് കരിന്തളത്ത് 40 ലക്ഷത്തോളം രൂപ മുതൽമുടക്കി സ്ഥാപിക്കുന്ന ഫിസിയോതെറാപ്പി സെന്ററിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടി രിക്കുകയാണു. പ്രശസ്ത ആർക്കിടെക്ട് ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജീ സിനാണു നിർമ്മാണച്ചുമതല. ഈ മെയ് മാസത്തോടെ സെന്റർ പ്രവർത്തന സജ്ജമാകും. അവിടെ ജീവനക്കാരെ നിയമിച്ച് സൗജന്യ ചികിത്സയൊരുക്കു ന്നതും സാന്ത്വനം തന്നെയാണ്.
മറ്റൊരു നിർമ്മാണസംരംഭമാണു ഈ വർഷവും സാന്ത്വനം കുവൈറ്റ് അവതരിപ്പിക്കുന്ന സ്പെഷ്യൽ പ്രൊജക്ട്. ഇടുക്കി പീരുമേട് താലൂക്കിലെ പശുപ്പാറ എന്ന കുഗ്രാമ പ്രദേശത്ത് ഒരു "പാലിയേറ്റീവ് കെയർ & കമ്മ്യൂണിറ്റി സെന്റർ" നിർമ്മിച്ച് നാടിനു സമർപ്പിക്കുവാനാണു സാന്ത്വനം ലക്ഷ്യമിടുന്നത്. 25 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന 'പശുപ്പാറ പീപ്പിൾസ് ക്ലബ്ബ്' മായി ചേർന്നാണു പശുപ്പാറയിലെ സെന്റർ നിർമ്മിക്കുക. സാമൂഹ്യ പ്രതിബദ്ധതയുള്ള നന്മ നിറഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘമാണു 'പിപിസി' എന്ന പശുപ്പാറ പീപ്പിൾസ് ക്ലബ്ബ് & ലൈബ്രറി. അവർക്ക് പശുപ്പാറ കവലയിൽ സ്വന്തമായുള്ള സ്ഥലത്ത്, പിപിസി യും സാന്ത്വനം കുവൈറ്റും സംയുക്തമായി ചേർന്ന്, മുപ്പത് ലക്ഷത്തോളം രൂപ നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്ന സെന്റർനിർമ്മിച്ച് പ്രവർത്തനസജ്ജമാക്കും.'അവികസിത തോട്ടം തൊഴിലാളി മേഖലയിലെ ജനങ്ങൾക്ക് ഈ സെന്റർ നല്ല നിലയിൽ പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല' എന്ന് സാന്ത്വനം പ്രസിഡന്റ് ജ്യോതിദാസ് തൊടുപുഴയും സെക്രട്ടറി ജിതിൻ ജോസും പറഞ്ഞു. ഈ വിപുലമായ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ നിർമ്മാണച്ചിലവുകളിലേക്ക് സംഭാവനകൾ നൽകി, സാന്ത്വനത്തിന്റെ അംഗങ്ങളും അഭ്യുദയ കാംക്ഷികളും ആത്മാർത്ഥമായി സഹകരിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
തുടർന്ന് വരും വർഷങ്ങളിൽ കേരളത്തിലെ മറ്റു ജില്ലകളിലും ഇത്തരത്തിൽ, സാന്ത്വനത്തിന്റെ പേരിൽ, അവിടങ്ങളിലെ ഏറ്റവും സജീവമായി, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന വോളന്ററി ഓർഗ്ഗനൈസേഷനുകളിലൊന്നുമായി ചേർന്ന് പൊതുജനത്തിനും നിർദ്ധനരോഗികൾക്കും പ്രയോജനപ്പെടുന്ന ഇത്തരം സ്ഥാപനങ്ങൾ നിർമ്മിച്ച് നാടിനു സമർപ്പിക്കുവാൻ സാന്ത്വനത്തിനു പദ്ധതികളുണ്ട്. പ്രതിമാസം പത്തു ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ധനസഹായങ്ങളാണു സാന്ത്വനം കുവൈറ്റ് നൽകി വരുന്നത്. ചികിത്സാ ധനസഹായത്തിനു പുറമേ നിർദ്ധന വിദ്ധ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും മറ്റ് ആതുരസേവന സ്ഥാപനങ്ങൾക്കും സ്ഥിരമായി സാമ്പത്തിക സഹായം ചെയ്തുപോരുന്നു. കഴിഞ്ഞ വർഷം മാത്രം സ്പെഷ്യൽ പ്രൊജക്ടിനു പുറമേ ഒരു കോടിയിലധികം രൂപയുടെ ചികിത്സാസഹായങ്ങൾ നിർദ്ധനരോഗികൾക്ക് സാന്ത്വനം കുവൈറ്റ് എത്തിച്ചു നൽകുകയുണ്ടായി. ഫെബ്രുവരി ആദ്യം നടക്കുന്ന വാർഷിക പൊതുയോഗത്തോടെ പുതിയ പ്രവർത്തനവർഷ ത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണിപ്പോൾ, സാന്ത്വനം കുവൈറ്റെന്ന നന്മനിറഞ്ഞ ഈ പ്രവാസികൂട്ടായ്മ. കഴിഞ്ഞ ഡിസംബർ 2 നു ബഹ്‌റിനിൽ വച്ച് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗർഷോം ഫൗണ്ടേഷന്റെ പ്രശസ്തമായ 18 - മത് ഗർഷോം അവാർഡ്, മികച്ച സാമൂഹ്യ സേവന സംഘടനാ വിഭാഗത്തിൽ, 'സാന്ത്വനം കുവൈറ്റ്' ഏറ്റുവാങ്ങി. സാന്ത്വനത്തെ സംബന്ധിച്ച്, കഴിഞ്ഞ 23 വർഷമായി തുടരുന്ന സമർപ്പിത സേവനദൗത്യത്തിനുള്ള അർഹിക്കുന്ന അംഗീകാരമായിരുന്നു ഈ അവാർഡ്.